ഇടുക്കി: ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയിൽ പിടിമുറുക്കി മോഷണ സംഘങ്ങൾ. ദുരന്തത്തിൽ തകര്‍ന്ന വീടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ളവ രാത്രിയിൽ മോഷണ സംഘങ്ങൾ കടത്തുകയാണ്. പരാതി ഉയർന്നതോടെ കണ്ണൻദേവൻ കമ്പനി പെട്ടിമുടിയിൽ രാത്രി കാവൽ ഏര്‍പ്പെടുത്തി.

പെട്ടിമുടി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുമാറിന് ആകെ ബാക്കി കിട്ടിയത് ഒരു തകർന്ന വാഹനം മാത്രമാണ്. രണ്ട് മാസം മുമ്പാണ് കുമാർ ജീപ്പ് വാങ്ങിയത്. എന്നാൽ ഓഗസ്റ്റ് ആറിലെ ഉരുൾപൊട്ടൽ ജീവിതമാർഗം തകർത്തു. എല്ലാ ദിവസവും ദുരന്തഭൂമിയിലെത്തുന്ന കുമാർ കഴിഞ്ഞ ദിവസമാണ് വാഹനത്തിന്‍റെ ടയറുകളും യന്ത്രഭാഗങ്ങളും അഴിച്ച് കടത്തിയത് ശ്രദ്ധിച്ചത്.

ഇരുപതോളം ജീപ്പുകളും കാറുകളുമാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടൽ എടുത്തത്. ഇരുചക്ര വാഹനങ്ങൾ വേറെ. ഇവയുടെ ടയറുകളും യന്ത്രഭാഗങ്ങളുമാണ് രാത്രിയിൽ മോഷണ സംഘം കടത്തുന്നത്.  ദൗത്യസംഘം തെരച്ചിൽ സമയത്ത് പുറത്തെടുത്ത അലമാരകള്‍ മറ്റ് വീട്ടുപകരണങ്ങൾ എന്നിവയും മോഷ്ടാക്കൾ ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ട്.

പ്രദേശത്തെ കുറിച്ച് കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവർക്കായി അന്വേഷണം തുടങ്ങിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ ബാക്കിയായവ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് കമ്പനി പ്രദേശത്ത് രാത്രികാല കാവൽ ഏര്‍പ്പെടുത്തി.