നമസ്കരിക്കാനെത്തിയവര്‍ക്കൊപ്പം  പള്ളിയില്‍ കയറിയ യുവാവ് സഹ ഇമാം താമസിക്കുന്ന മുറിയില്‍ കടന്ന് ഒളിച്ചിരിക്കുകയായിരുന്നു.

തൊടുപുഴ: പ്രാര്‍ത്ഥനക്കെന്ന വ്യാജേന മസ്ജിദിൽ കയറി പണവും ബാഗും കവര്‍ന്ന് യുവാവ്. തോടുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ ആണ് സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷണത്തിന് പിന്നില്‍ ഇതര സംസ്ഥാന തോഴിലാളികളാണോയെന്ന് സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പള്ളിയിലെത്തിയ വിശ്വാസികളെല്ലാം നമസ്കരിക്കുന്ന സമയത്തായിരുന്നു മോഷണമെന്ന് പള്ളി ഇമാം അബ്ദുൽ റഷീദ് മൗലവി പറഞ്ഞു. നമസ്കരിക്കാനെത്തിയവര്‍ക്കൊപ്പം പള്ളിയില്‍ കയറിയ യുവാവ് സഹ ഇമാം താമസിക്കുന്ന മുറിയില്‍ കടന്ന് ഒളിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹം തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സഹ ഇമാമിന്‍റെ 18,500 രുപയും ബാഗുമാണ് മോഷണം പോയത്. പിന്നീട് ഇമാം പൊലീസില്‍ പരാതി നൽകുകയായിരുന്നു. 

പള്ളി പരിപാലന സമിതി ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും തൊടുപുഴയിലുള്ള മോഷ്ടാക്കളല്ലെന്നും പൊലീസ് വിശദീകരിച്ചു. പിന്നില്‍ ഇതര സംസ്ഥാന തോഴിലാളികളാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതരസസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.

Read More : മാതാപിതാക്കൾ ഉറങ്ങിക്കിടക്കവേ 5 വയസുകാരൻ ഫ്ലാറ്റിന്‍റെ എട്ടാം നിലയിൽ നിന്ന് വീണു, ദാരുണാന്ത്യം

അതിനിടെ ആലുവ കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉള്‍പ്പടെയുള്ള പാത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ചാലക്കല്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജില്ലയില്‍ രണ്ട് കേസിലെ പ്രതിയാണ് അഖിലെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News