ആലപ്പുഴ: ആലപ്പുഴ ആര്യാട് പഞ്ചായത്തിൽ മാലമോഷണം പതിവായിട്ടും പൊലീസ് ഇടപെടുന്നില്ലെന്ന് പരാതി. മോഷ്ടാക്കളെ പിടികൂടാൻ നാട്ടുകാരും പഞ്ചായത്തും ചേർന്ന് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മോഷണത്തിന്‍റെ ദൃശ്യങ്ങളടക്കം പൊലീസിനു കൈമാറിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. 

ഒരു മാസത്തിനിടെ അഞ്ച് പേരുടെ മാലയാണ് ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചത്. മോഷണം പതിവായതോടെ പ്രധാന റോഡുകളിൽ പഞ്ചായത്ത് സിസിടിവി ക്യാമറകൾ വച്ചു. മോഷ്ടാക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസിനു കൈമാറിയിരുന്നു. 

ദിവസങ്ങൾ കഴിഞ്ഞിട്ടും മോഷ്ടാക്കളെകുറിച്ച് സൂചനകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഒടുവിൽ നാട്ടുകാർ ചേർന്ന് ജനകീയസമിതി രൂപീകരിച്ചു. മൊബൈൽ ഫോണുകളിൽ വാട്‍സ് ആപ്പ് ഗ്രൂപ്പുകൾ രൂപകരിച്ച് മോഷ്‍ടാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാൽ പൊലീസിനെ വിവരം അറിയിക്കുകയാണ് ഉദ്ദേശം.