ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍പിഎഫ് പിടികൂടി. നിലന്പൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. 

പാലക്കാട്: ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍ പി എഫ് പിടികൂടി. നിലമ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തുനിന്നെത്ത് എത്തിച്ചതാണ് കഞ്ചാവ്. ധന്‍ബാദ് എക്സ്പ്രസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ആര്‍ പി എഫ് ക്രൈം ഇന്‍റലിജന്‍സ് പാലക്കാട് പിടികൂടിയത്. 

രണ്ടു പായ്ക്കറ്റുകളലായി പൊതിഞ്ഞ് ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ക‍‌‌ഞ്ചാവ് കൊണ്ടുവന്നത്. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് സ്വാലിഹാണ് പിടിയിലായത്. രണ്ടു ദിവസം മുമ്പ് നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗമാണിയാള്‍ വിശാഖപട്ടണത്തേക്ക് പോയത്. മുമ്പും ഇയാള്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ആര്‍ പി എഫ് പറഞ്ഞു.

കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വിശാഖപട്ടണത്തുനിന്നു വാങ്ങുന്ന ക‍ഞ്ചാവ് കേരളത്തില്‍ ഇരുപതിനായിരം രൂപയ്ക്ക് വിറ്റിരുന്നു എന്നാണ് പ്രതി നല്‍കിയ മൊഴി. കഞ്ചാവും പ്രതിയെയും എക്സൈസ് സംഘത്തിന് കൈമാറി.