ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സഞ്ജിത് കൊല്ലപ്പെട്ട് ഏട്ട് ദിവസമായ ഇന്നലെയാണ് കേസിലെ നിര്‍ണായക അറസ്റ്റ് ഉണ്ടായത്.

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ (rss worker) സഞ്ജിത്തിന്റെ കൊലപാതകത്തില്‍ (sanjith murder) അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൃത്യം നടത്തിയ മമ്പറത്തും പ്രതികള്‍ വാഹനത്തില്‍ ഒന്നിച്ച് കയറിയ തത്തമംഗലം ഗ്രൗണ്ടിലും ആയുധങ്ങള്‍ ഉപേക്ഷിച്ച കണ്ണന്നൂരിലുമാണ് പോപ്പുലര്‍ ഫ്രണ്ട് ഏരിയാ നേതാവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വെട്ടേറ്റ ശേഷം രക്ഷപെടാനായി രണ്ട് മീറ്ററിലധികം സഞ്ജിത്ത് ഓടിമാറിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

സഞ്ജിത്ത് കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാറോടിച്ചത് ഇന്നലെ രാത്രി അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിയ കൊലപാതകം നടന്ന മമ്പറത്ത് തെളിവെടുപ്പിനെത്തിച്ചത്. സഞ്ജിത്തിന്‍റെ ബൈക്ക് ഇടിച്ചിട്ട രീതിയും തുടര്‍ന്നു നടന്ന അരും കൊലയും പ്രതി പൊലീസിനോട് വിവരിച്ചു.

സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി വെട്ടിയെന്നും വേട്ടേറ്റ ശേഷം രണ്ടുമീറ്ററോളം ഓടിമാറാന്‍ ശ്രമിച്ചെന്നും പ്രതി വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘം രേഖപ്പെടുത്തി. പിന്നീടെത്തിച്ചത്. കൊലയാളി സംഘം യാത്ര തുടങ്ങിയ തത്തലംഗലം പള്ളിമുക്കിലേക്കാണ്. ഇവിടെ നിന്നും കാറെടുത്തശേഷം തോട്ടടുത്ത ഗ്രൗണ്ട് പരിസരത്തേക്കാണ് പ്രതി പോയത്. അവിടെ വച്ചാണ് നാലംഗ കൊലയാളി സംഘം കാറില്‍ കയറിയത്. അവിടെ നിന്നും സ‍ഞ്ജിത്തിനെ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ആയുധമുപേക്ഷിച്ച ദേശീയ പാതയോരത്തെ കണ്ണന്നൂരിലും പ്രതിയെ എത്തിച്ചു.

പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ളതിനാല്‍ പേരും മേല്‍വിലാസവും പുറത്തുവിടാനാവില്ലെന്നാണ് പൊലീസ് പറഞ്ഞത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സഞ്ജിത് കൊല്ലപ്പെട്ട് ഏട്ട് ദിവസമായ ഇന്നലെയാണ് കേസിലെ നിര്‍ണായക അറസ്റ്റ് ഉണ്ടായത്.

ഈ അറസ്റ്റിന് മുമ്പ് കൊതപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്നലെ മുണ്ടക്കയത്തുനിന്ന് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുൻപാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.

സുബൈറിന് താമസിക്കാനായി എടുത്തുനല്‍കിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റ് രണ്ടുപേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല. മൂന്ന് പേര്‍ക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങള്‍ പൊലീസിനിനിയും പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. പാലക്കാട് എസ്പിആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്.