Asianet News MalayalamAsianet News Malayalam

'പ്രവീണ്‍ റാണയുടെ കൂട്ടാളികള്‍ക്ക് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കുന്നു'; ആരോപണവുമായി നിക്ഷേപകര്‍ 

ജില്ലാ ഭരണകൂടത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി പോകാനാണ് തൃശൂരില്‍ ചേര്‍ന്ന നിക്ഷേപ സംഗമത്തിന്‍റെ തീരുമാനം. 

safe and strong investors says that police helping praveen rana s companions to escape from kerala
Author
First Published Jan 29, 2023, 10:53 PM IST

തിരുവനന്തപുരം : സേഫ് ആന്‍റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പില്‍ പ്രവീണ്‍ റാണയുടെ കൂട്ടാളികള്‍ക്ക് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കുന്നെന്ന ആരോപണവുമായി നിക്ഷേപകര്‍ രംഗത്തെത്തി. കേസ് ക്രൈബ്രാഞ്ചിന് വിട്ടിട്ട് ഒന്നരയാഴ്ച കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയില്ല. ജില്ലാ ഭരണകൂടത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി പോകാനാണ് തൃശൂരില്‍ ചേര്‍ന്ന നിക്ഷേപ സംഗമത്തിന്‍റെ തീരുമാനം. 

സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ പ്രവീണ്‍ റാണയുടെ പത്തു ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയായിട്ടും അന്വേഷണ പുരോഗതിയില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിക്ഷേപകരില്‍ നിന്നു വിവരങ്ങള്‍ തേടുന്നില്ല. പുതിയ പരാതികള്‍ സ്വീകരിക്കുന്നുമില്ല. റാണയില്‍ മാത്രം അന്വേഷണം ഒതുക്കാന്‍ ശ്രമം നടക്കുന്നതായും നിക്ഷേപകര്‍ക്ക് പരാതിയുണ്ട്. റാണ പണം മാറ്റിയ അക്കൗണ്ടുകള്‍ കണ്ടെത്താനോ കൂട്ടാളികളെ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറാവുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. 

മലപ്പുറത്ത് അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധു അറസ്റ്റില്‍

തൃശൂരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 84 പരാതികളാണ് ഡിവൈഎസ്പി ടിആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. എസ്പി സുദര്‍ശനനാണ് മേല്‍നോട്ട ചുമതല. കേസ് കൈമാറിയ ഉത്തരവ് വന്നിട്ടും ക്രൈംബ്രാഞ്ച് ഫയല്‍ വിളിപ്പിക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ല. പ്രവീണ്‍ റാണയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട സമയത്തായിരുന്നു കേസ് കൈമാറാനുള്ള തീരുമാനം വന്നത്. അതുകൊണ്ടു തന്നെ തൃശൂര്‍  ഈസ്റ്റ് പൊലീസ് കൂടുതലിടങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പോ, കൂട്ടാളികളുടെ അറസ്റ്റിലേക്കോ പോകാതെ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

നിലവിൽ 2.25 ലക്ഷമാണ് സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. വൻ തുകകൾ ആറ് മാസത്തിനുള്ളിൽ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ ഇതിന് റാണ കൃത്യമായ മറുപടി നൽകിയിട്ടില്ല. പണം ബിസിനസിൽ നിക്ഷേപിച്ചുവെന്ന ഒറ്റ മറുപടിയിൽ ഉറച്ച് നിൽക്കുകയാണിയാൾ. ഒറ്റ ഉത്തരം നൽകുന്നത് ആസൂത്രിതമാണെന്ന സംശയം  പൊലീസിനുണ്ട്. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം. ഈ പണം എവിടേക്ക് പോയി എന്നതിലാണ് റാണ ഒളിക്കുന്നത്. 

Follow Us:
Download App:
  • android
  • ios