കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി എം അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസയെ എട്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ പത്താം പ്രതിയാണ് സഹൽ. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സഹലിനെ വിട്ടു നൽകിയത്.

അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി, കുറ്റകൃത്യത്തിനു മുന്നോടിയായി നടന്ന ഗൂഢാലോചന, കൊലയാളികളുടെ ഒളിത്താവളങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് പൊലീസ് സഹലിനെ ചോദ്യം ചെയ്യുന്നത്. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്.

അന്ന് ഒളിവില്‍ പോയ സഹല്‍ 18ന് എറണാകുളം മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ്‌ ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രം. എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) രണ്ട് വർഷമായി ഒളിവിലായിരുന്നു. കേസിൽ ഒമ്പത് പ്രതികൾക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു. അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങിയതില്‍ ആശ്വാസമുണ്ടെന്ന് അഭിമന്യുവിന്‍റെ കുടുംബം പ്രതികരിച്ചിരുന്നു.

രണ്ട് വർഷത്തെ കാത്തിരിപ്പാണ് യാഥാർത്ഥ്യമായത്. പ്രതി സഹലിന് വധശിക്ഷ ഉറപ്പ് വരുത്തണമെന്ന് അമ്മ കൗസല്യ പറഞ്ഞു. കൊലപാതകം നടന്ന് രണ്ട് വർഷമായിട്ടും കൊലയാളിയെ പിടികൂടാനാകാതിരുന്നതിന്‍റെ സങ്കടത്തിലായിരുന്നു കുടുംബം. ഇനി പ്രതി സഹലിനെ ഒന്ന് നേരിട്ട് കാണണം. എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ചോദിക്കണമെന്നും അഭിമന്യുവിന്‍റെ അമ്മ പറഞ്ഞു.