Asianet News MalayalamAsianet News Malayalam

സാഹിത്യ അക്കാദമി അവാർഡ് ജേതാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടൻ നാഗദേവനഹള്ളിയിലെ അപാർട്മെന്റിലായിരുന്നു താമസം.

Sahitya Akademi awardee found dead at Bengaluru home
Author
Bengaluru, First Published Dec 23, 2019, 9:42 AM IST

ബം​ഗളൂരു:  കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ ബാംഗ്ലൂർ സർവകലാശാല പ്രഫസറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരൂപകൻ കൂടിയായ ജി.നഞ്ചുണ്ടൻ (58) ആണു മരിച്ചത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടൻ നാഗദേവനഹള്ളിയിലെ അപാർട്മെന്റിലായിരുന്നു താമസം. ചെന്നൈയിലായിരുന്ന ഭാര്യയും മകനും മടങ്ങിയെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നു പൊലീസ് സഹായത്തോടെ വീട്ടിൽ പ്രവേശിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.

ബം​ഗളൂരു യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തിരുന്ന നഞ്ചുണ്ടൻ കുറച്ച് ദിവസങ്ങളായി കോളേജിൽ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റാണ് വീടിനുള്ളിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവർ‌ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളിൽ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാകാം മരിച്ചതെന്ന് ദേശീയ മാധ്യമമായ പിടിഐ യോട് പൊലീസ് വെളിപ്പെടുത്തി.  

കന്നഡയിൽ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ജ്‍ഞാനപീഠ അവാർഡ് ജേതാവ് യു. ആർ അനനന്തമൂർത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios