കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി കോട്ടയം ഈരാറ്റുപേട്ടയില്‍ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന. തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളും എക്സൈസ് പിടികൂടി.

കോട്ടയം: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി കോട്ടയം ഈരാറ്റുപേട്ടയില്‍ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന. തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളും എക്സൈസ് പിടികൂടി.

ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ്, നടയ്ക്കൽ ഫർണിച്ചർ മാർട്ട് നടത്തി വരുന്ന പരീകൊച്ച് കുട്ടി എന്ന് വിളിക്കുന്ന ഷിയാസ് എന്നിവരാണ് കൊവിഡ് ചാരിറ്റിയുടെ പേരില്‍ വമ്പൻ വ്യാജമദ്യ വില്‍പ്പന നടത്തിയത്. 

തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്ത് സൗജന്യമായി കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കാനെന്ന പേരിലാണ് മൂവരും ചേര്‍ന്ന് പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ പച്ചക്കറി ഇറക്കുമതി ചെയ്ത് സന്നദ്ധപ്രവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മദ്യവില്‍പ്പനശാലകള്‍ പൂട്ടുകയും ചെയ്തതോടെയാണ് മൂവരും പച്ചക്കറിക്കിടയില്‍ മദ്യം ഒളിപ്പിച്ച് കടത്താൻ തുടങ്ങിയത്.

തമിഴ്നാട്ടില്‍ മാത്രം വില്‍ക്കാൻ അനുമതിയുള്ള മദ്യമാണ് ഈരാറ്റുട്ടയിലും പരിസരങ്ങളിലും എത്തിച്ച് രണ്ടിരട്ടി വില കൂട്ടി വിറ്റത്. ഇവരില്‍ നിന്ന് മദ്യം വാങ്ങിയ ഒരാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് നടപടി സ്വീകരിച്ചത്. 

ആസിഫും പരീകൊച്ചും നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതി ഷിയാസിന്‍റെ വീട് എക്സൈസ് റെയ്ഡ് ചെയ്തത്. ഇവിടെ നിന്നാണ് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടിയത്. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. വി. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.