Asianet News MalayalamAsianet News Malayalam

എല്ലാവരും ഭയന്നപ്പോൾ കോൺസ്റ്റബിൾ രേവതി മാത്രം ചങ്കുറപ്പോടെ പറഞ്ഞു, 'കൊന്നത് അവരാണ്'

രാത്രി മുഴുവന്‍ വ്യാപാരികളെ ക്രൂരമായി മര്‍ദിച്ചെന്നും പിന്നീട് രക്തം കഴുകി കളയേണ്ടി വന്നുവെന്നുമാണ് രേവതി വെളിപ്പെടുത്തിയത്. സത്യം പുറത്ത് വരണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും കോണ്‍സ്റ്റബിള്‍ രേവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

sathankulam custodial murder crucial evidence was given to enquiry team by lady constable in the station
Author
Sathankulam, First Published Jul 2, 2020, 9:15 PM IST

ചെന്നൈ: ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി പോലും വകവയ്ക്കാതെ സാത്താന്‍കുളം സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി നല്‍കിയ മൊഴിയാണ് പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചത്. രാത്രി മുഴുവന്‍ വ്യാപാരികളെ ക്രൂരമായി മര്‍ദിച്ചെന്നും പിന്നീട് രക്തം കഴുകി കളയേണ്ടി വന്നുവെന്നുമാണ് രേവതി വെളിപ്പെടുത്തിയത്. സത്യം പുറത്ത് വരണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും കോണ്‍സ്റ്റബിള്‍ രേവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജയരാജനെയും ബെനിക്സിനെയും ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിക്കുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നത് 13 പൊലീസുകാര്‍. എസ്ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ മൊഴി നല്‍കാന്‍ പൊലീസുകാര്‍ ധൈര്യപ്പെടില്ലെന്ന കണക്കുകൂട്ടലിലായിരുന്നു മര്‍ദനം. സിസിടിവി ഓഫ് ചെയ്ത്, രക്തം പുരണ്ട ലാത്തി ഒളിപ്പിച്ച് രക്തക്കറ വീണ ലോക്കപ്പ് കഴുകി വൃത്തിയാക്കി എല്ലാം സുരക്ഷിതമെന്ന് ഉറപ്പിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഒടുവില്‍ അറസ്റ്റിലായിരിക്കുന്നത്. 19-ാം തീയതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ രേവതി സത്യം തുറന്ന് പറയാന്‍ കാണിച്ച ധീരതയാണ് ബെനിക്സിന്‍റെ കുടുംബത്തിന് നീതിയുടെ വാതില്‍ തുറക്കാന്‍ കാരണം.

''ഞാന്‍ കണ്ട എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞു. ഞാന്‍ ഒന്നും പുറത്ത് പറയില്ലെന്നായിരിക്കും അവര്‍ കരുതിയത്. ഇതിന് ശേഷം നിരവധി ഉദ്യോഗസ്ഥര്‍ വിളിച്ചു, എന്തുപറഞ്ഞാലും നല്ല പേടിയുണ്ട്'', എന്ന് കോൺസ്റ്റബിൾ രേവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സ്വകാര്യഭാഗങ്ങളില്‍ വരെ ലാത്തികയറ്റിയാണ് മര്‍ദിച്ചത്. ഈ അക്രമം നടന്ന ലോക്കപ്പില്‍ രക്തം തളം കെട്ടിയിരുന്നുവെന്നും നിരവധി തവണ ലോക്കപ്പ് വൃത്തിയാക്കാന്‍ എസ്ഐ ഉള്‍പ്പടെ ആവശ്യപ്പെട്ടുവെന്നും രേവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എസ്ഐ രഘു ഗണേഷാണ് പ്രധാനമായി മര്‍ദിച്ചതെന്നും, നിരവധി തവണ പുതിയ ലുങ്കി കൊണ്ടുപോയി നല്‍കേണ്ടി വന്നുവെന്നും രേവതി വെളിപ്പെടുത്തി.  നിര്‍ണായകമായ ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസുകാര്‍ക്ക് എതിരെ സിബിസിഐഡി കൊലക്കുറ്റത്തിന് കേസ് എടുത്തത്.

19-ാം തീയതി രാത്രി വൈകിയും രേവതി തന്നെ വിളിച്ചുവെന്നും ഭയമാകുന്നുവെന്ന് പറഞ്ഞതായും രേവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. വീട്ടില്‍ വന്നയുടനെ നടന്ന സംഭവങ്ങള്‍ പറഞ്ഞിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം ഐജിയുടെ മേല്‍നോട്ടത്തില്‍ രേവതിക്കും കുടുംബത്തിനും ഇപ്പോള്‍ മുഴുവന്‍ സമയ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ട് വനിതാ, പുരുഷ കോൺസ്റ്റബിളുമാരുടെ സുരക്ഷയാണ് ഇവർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Read more at: ഒന്നും ചെയ്യാനാവില്ലെന്ന വെല്ലുവിളിച്ച ഉദ്യോഗസ്ഥനും അകത്ത്, തൂത്തുക്കുടി കൊലപാതകത്തില്‍ വഴിത്തിരിവ്

Follow Us:
Download App:
  • android
  • ios