പട്ടികജാതിക്കാരനായ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് നാല് വര്‍ഷം തടവ്

2020 ഫെബ്രുവരി ഒന്നിന് രാത്രി ഇരിങ്ങാലക്കുട മെറീന ആശുപത്രിക്ക് സമീപത്തുള്ള റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Scheduled Caste youth attacked in Thrissur Four years imprisonment for the accused

തൃശൂര്‍: പട്ടികജാതിയില്‍ ഉള്‍പ്പെട്ട യുവാവിനെ പൊതുവഴിയില്‍ വെച്ച് മര്‍ദ്ദിച്ച് പരിക്കേൽപ്പിച്ച കേസില്‍ പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും 7500 രൂപ പിഴയും വിധിച്ചു. ഇരിങ്ങാലക്കുട ആസാദ് റോഡ് നിവാസികളായ കിട്ടത്ത് വീട്ടില്‍ പ്രിന്‍സ് (28), കോലോത്ത് വീട്ടില്‍ അക്ഷയ് (27), ഇളയേടത്ത് വീട്ടില്‍ അര്‍ജുന്‍ (24), ഇളയേടത്ത് വീട്ടില്‍ അഖില്‍ (24), ഇളയേടത്ത് വീട്ടില്‍ വിജീഷ് (42), വെള്ളാഞ്ചിറ ദേശത്ത് അച്ചാണ്ടി വീട്ടില്‍ രായത്ത് (23) എന്നിവരെയാണ് തൃശൂര്‍ എസ്.സി.എസ്.ടി. കേസുകള്‍ക്കുള്ള പ്രത്യേക കോടതി ജഡ്ജി കെ. കമനീസ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് നാല് വര്‍ഷവും മൂന്നുമാസവും തടവും പിഴയും വിധിച്ചത്. പിഴയടയ്ക്കാത്ത പക്ഷം  അഞ്ച് മാസവും 10 ദിവസവും അധിക തടവും അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴ അടച്ചാല്‍ പരാതിക്കാരന് നല്‍കാനും വിധിച്ചു. 

കുന്നത്ത് വീട് അനുബിന്‍ (23) എന്ന യുവാവിനെയാണ് പ്രതികള്‍ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 2020 ഫെബ്രുവരി ഒന്നിന് രാത്രി ഒരുമണിയ്ക്ക് ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിലെ ഷഷ്ഠി ഉത്സവത്തിനോടനുബന്ധിച്ചുള്ള കാവടി വരവിനിടയില്‍ ഇരിങ്ങാലക്കുട മെറീന ആശുപത്രിക്ക് സമീപത്തുള്ള റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്ക് പറ്റിയ അനുബിന്റെ അമ്മൂമ്മയുടെ വീട്ടുകാരും രണ്ടാം പ്രതിയായ അക്ഷയിന്റെ വീട്ടുകാരും തമ്മില്‍ വഴി സംബന്ധമായും അതിര്‍ത്തി സംബന്ധമായും കേസുകളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നുള്ള വിരോധം കൊണ്ടാണ് അക്ഷയും കൂട്ടുകാരായ മറ്റ് പ്രതികളും ചേര്‍ന്ന് അനുബിനെ മര്‍ദിച്ചത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ആയിരുന്ന ഫേമസ് വര്‍ഗീസാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ ഇ.എസ്. സിജിത്ത് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. കൃഷ്ണന്‍ ഹാജരായി.

READ MORE: ബൗദ്ധിക വെല്ലുവിളി നേരിടുന്നയാള്‍ക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Latest Videos
Follow Us:
Download App:
  • android
  • ios