പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും നശിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

കാക്ചിങ്(മണിപ്പൂര്‍): വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്ന് സ്കൂളിന് തീയിട്ടു. മണിപ്പൂരിലെ കാക്ചിങ്ങിലാണ് സംഭവം. ഏറെ പാരമ്പര്യമുള്ള സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് തീയിട്ടത്. പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും നശിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

സാമൂഹ്യമാധ്യമങ്ങള്‍ വഴി അധ്യാപികയെയും സ്കൂളിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ആറു വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. എന്നാല്‍, നടപടിയില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും അവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും മന്ത്രി ലെറ്റ്പാവോ ഹയോകിപ് പറഞ്ഞു. ക്ലാസുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കുമെന്നും അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. 1400ലേറെ വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്.