കായംകുളം: എംഎസ്എം കോളേജ് ജംഗ്ഷനു സമീപം കീരിക്കാട് തെക്ക് പറമ്പില്‍ നാസറിന്റെ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു.  കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. 

നാസറിന്റെ കിടപ്പുമുറിയോട് ചേർന്ന്, വീടിന്റെ പുറംഭാഗത്താണ് സ്‌കൂട്ടർ നിർത്തിയിട്ടിരുന്നത്. പുലർച്ചെ ഇവിടെ നിന്ന് പ്രകാശവും ശബ്‌ദവും ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടർ കത്തുന്നത് കണ്ടത്.

വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും വാഹനം പൂർണ്ണമായി കത്തി നശിച്ചിരുന്നു.  വീടിനോട് ചേർന്നുള്ള മില്ലിലേക്കും കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോമറിലേക്കും തീ പടരാതിരുന്നത് വലിയ അപകടത്തിലേക്ക് നയിച്ചില്ല.  മില്ലിലെ ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ചണച്ചാക്ക് സ്‌കൂട്ടറിനു മുകളില്‍ മൂടിയ ശേഷമാണ്  തീ കത്തിച്ചത്. 

കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്തായി പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം കൂടി വരികയാണ്. തെരുവ് വിളക്കുകള്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞ് നശിപ്പിക്കുന്നതായും പരാതിയുണ്ട്.