Asianet News MalayalamAsianet News Malayalam

രണ്ടാം ഭാര്യയുടെ സ്വര്‍ണം വിറ്റ പണം ആദ്യ ഭാര്യയ്ക്കും കുട്ടികള്‍ക്കും നല്‍കി; ദില്ലി കൊലപാതക കാരണം പക

ആദ്യ ഭാര്യയുമായി ബന്ധമില്ലെന്ന് വിശദമാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാല്‍ പൂനത്തിന്‍റെ ആഭരണം വിറ്റ പണം ആഞ്ജന്‍ ദാസ് ബീഹാറില്‍ താമസിക്കുന്ന ആദ്യ ഭാര്യയ്ക്ക് അയച്ചുകൊടുത്തതാണ് കൊലപാതകത്തിന് കാരണമായ തര്‍ക്കത്തിലേക്ക് വഴി തെളിച്ചത്

second wife jewels sold and money giver for first wife and kids lead to delhi pandav nagar
Author
First Published Nov 29, 2022, 10:30 AM IST

ദില്ലിയിലെ പാണ്ടവ് നഗറില്‍ ഭര്‍ത്താവിനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയതിന് കാരണം ഭര്‍ത്താവ് ആദ്യ ഭാര്യയുമായുള്ള ബന്ധം മറച്ചുവെച്ചതെന്ന് സൂചന. അഞ്ജന്‍ ദാസ് എന്നയാളെ കൊലപ്പെടുത്തിയതിനാണ് ഭാര്യ പൂനം ദാസും മകന്‍ ദീപക് ദാസും തിങ്കളാഴ്ച അറസ്റ്റിലായത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പത്ത് കഷ്ണമാക്കി മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം പലപ്പോഴായി മൃതദേഹ ഭാഗങ്ങള്‍ പുറത്ത് കളയുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ ദില്ലിയില്‍ കണ്ടെത്തിയ മൃതദേഹ ഭാഗത്തേപ്പറ്റിയുള്ള അന്വേഷണമാണ് അഞ്ജന്‍ ദാസിന്‍റെ കൊലപാതകത്തില്‍ നിര്‍ണായകമായത്.

പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താൻ വീണ്ടും അന്വേഷിച്ചപ്പോഴാണ് സമാനമായ അഞ്ജൻ ദാസിന്റെ കൊലയുടെ  വിവരങ്ങൾ പുറത്തുവന്നത്. ഇരുവരും ചേര്‍ന്ന് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ പൊലീസിന് പിടിവള്ളിയായത്. കൊലപാതകത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. പൂനം ദാസിന്‍റെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട അഞ്ജന്‍ ദാസ്. അഞ്ജന്‍ ദാസിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു പൂനവുമായി നടന്നത്. പൂനമിന്‍റെ ആദ്യ ഭര്‍ത്താവായ കല്ലുവിലെ മകനാണ് ദീപക്. ഇയാള്‍ 2016ല്‍ മരിച്ചതിന് പിന്നാലെയാണ് ആഞ്ജന്‍ ദാസുമായി പൂനത്തിന്‍റെ വിവാഹം നടക്കുന്നത്.

ആദ്യ ഭാര്യയുമായി ബന്ധമില്ലെന്ന് വിശദമാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാല്‍ പൂനത്തിന്‍റെ ആഭരണം വിറ്റ പണം ആഞ്ജന്‍ ദാസ് ബീഹാറില്‍ താമസിക്കുന്ന ആദ്യ ഭാര്യയ്ക്ക് അയച്ചുകൊടുത്തതാണ് കൊലപാതകത്തിന് കാരണമായ തര്‍ക്കത്തിലേക്ക് വഴി തെളിച്ചത്. ബീഹാറില്‍ താമസിക്കുന്ന ആദ്യ ഭാര്യയ്ക്ക് എട്ട് മക്കളാണ് ഉള്ളത്. സ്വന്തമായി ആരുമില്ലെന്ന് പറഞ്ഞിരുന്ന ആഞ്ജന്‍ ദാസിന് ജോലിയുമുണ്ടായിരുന്നില്ല. പൂനവും മകനം ജോലി ചെയ്തിരുന്ന പണവും ആഞ്ജന്‍ ദാസായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതിന് പുറമേ പൂനത്തിന്‍റെ മക്കളെ ദുരുപയോഗം ചെയ്യാനും ഇയാള്‍ ശ്രമിച്ചിരുന്നതായാണ് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

മെയ് 30 ന് ആഞ്ജന് ദാസിന് മദ്യത്തില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി നല്‍കിയ ശേഷമാണ് കൊലപാതകം നടത്തിയത്. കഴുത്ത് അറുത്ത ശേഷം വീട്ടിലെ ഒരു മുറിയില്‍ മൃതദേഹം സൂക്ഷിച്ചു. രക്തം ഒഴുകി പോവാന്‍ വേണ്ടിയായിരുന്നു ഇത്. അടുത്ത ദിവസം മൃതദേഹം പത്ത് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പലപ്പോഴായി ദില്ലിയുടെ പല ഭാഗങ്ങളില്‍ മൃതദേഹം ഉപേക്ഷിച്ചു. ഇതില്‍ ആറ് ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാംലീല ഗ്രൌണ്ടിലടക്കമാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. 

Follow Us:
Download App:
  • android
  • ios