സ്വർണമഴ പെയ്യിക്കാൻ പൂജാദി കർമ്മങ്ങൾക്ക്  15 ലക്ഷം രൂപ ചെലവാകുമെന്ന് പറഞ്ഞാണ് വിശ്വാസികളിൽനിന്ന് ആൾദൈവം പണം തട്ടിയത്.

ഔറ​ഗാബാദ്: ആകാശത്തുനിന്ന് സ്വർണമഴ പെയ്യിക്കാമെന്ന വാ​ഗ്‍ദാനം നൽകി വിശ്വാസികളെ കബളിപ്പിച്ച് സ്വയം പ്രഖ്യാപിത ആൾദൈവം ആറര ലക്ഷം രൂപ തട്ടിയെടുത്തു. സ്വർണമഴ പെയ്യിക്കാൻ പൂജാദി കർമ്മങ്ങൾ ചെയ്യാനായി 15 ലക്ഷം രൂപ ചെലവാകുമെന്ന് പറഞ്ഞാണ് വിശ്വാസികളിൽനിന്നും ആൾദൈവം പണം തട്ടിയത്. മഹാരാഷ്ട്രയിലെ ഔറ​ഗാബാദിലാണ് സംഭവം.

വാ​ഗ്‍ദാനം വിശ്വസിച്ച് പണം നൽകുകയും പിന്നീട് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കുകയും ചെയ്ത ഡോഡു സത്യനാരായൺ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. ആൾദൈവത്തിനും അയാളുടെ സഹായിക്കുമെതിരേയാണ് സത്യനാരായൺ പരാതി നൽകി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. 

സ്വർണമഴ പെയ്യിക്കാമെന്ന് ആൾദൈവം സത്യനാരയണനും വാ​ഗ്‍ദാനം ചെയ്തിരുന്നു. എന്നാൽ മെക്കാനിക്ക് ജോലി ചെയ്തുവരുന്ന സത്യനാരായണന് അത്രയും പണം കണ്ടെത്താൻ എളുപ്പമായിരുന്നില്ല. ഇയാൾ തന്‍റെ സുഹൃത്ത് സയീദ് ജഹാം​ഗീറിനോട് സ്വ‌ർണമഴയുടെ കാര്യം പറഞ്ഞു. ഇരുവരും ചേർന്ന് ആൾദൈവത്തിന് ആറ് ലക്ഷം രൂപ നൽകി. പിന്നീട് സ്വർണമഴയ്ക്കായി ലാത്തൂറിലേക്ക് പോകുന്നതിനി‍ടെ ആൾദൈവത്തിനൊപ്പം സത്യനാരായണനെയും സയീദിനെയും പൊലീസ് പിടികൂടി. പിന്നീട‍് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം ഇരുവരും മനസ്സിലാക്കുകയും ആൾദൈവത്തിനെതിരെ പരാതി നൽകുകയുമായിരുന്നു.