Asianet News MalayalamAsianet News Malayalam

കൊലയാളി നഴ്സ് കുറ്റക്കാരനെന്ന് കോടതി; 88 കൊലപാതകക്കേസുകളില്‍ ശിക്ഷ വിധിച്ചു

വിചാരണ വേളയില്‍ നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. വിചാരണക്കെത്തിയ ഇരകളുടെ ബന്ധുക്കളോട് ഇയാള്‍ മാപ്പിരന്നു. തന്‍റെ എല്ലാ മുന്‍കാല ചെയ്തികള്‍ക്കും മാപ്പാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. 

serial killer german nurse convicted in 88 case
Author
Oldenburg, First Published Jun 6, 2019, 8:52 PM IST

ഓള്‍ഡന്‍ബര്‍ഗ്‍: 300ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ ജര്‍മന്‍ നഴ്സിനെതിരെയുള്ള 88 കൊലപാതകക്കേസുകളില്‍ കുറ്റക്കാരനെന്ന് ജര്‍മന്‍ കോടതി വിധി. 42കാരനായ നീല്‍സ് ഹൂഗലിനെതിരെയാ 100 കൊലപാതക കേസുകളുടെ വിചാരണയിലാണ് 88 കേസുകളില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.  ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നേരത്തെ രണ്ട് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.  

വിചാരണ വേളയില്‍ നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. വിചാരണക്കെത്തിയ ഇരകളുടെ ബന്ധുക്കളോട് ഇയാള്‍ മാപ്പിരന്നു. തന്‍റെ എല്ലാ മുന്‍കാല ചെയ്തികള്‍ക്കും മാപ്പാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള 100 കേസുകളില്‍ 55 പേരെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ഹൂഗല്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഇയാള്‍ ജോലി ചെയ്തിരുന്ന കാലയളില്‍ ഇയാളുടെ പരിചരണത്തിനിടെ മരിച്ച രോഗികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഏകദേശം 300ഓളം രോഗികളെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളുടെ പരിചരണത്തിനിടെ മരിച്ച 130 പേരുടെ ശവശരീരങ്ങള്‍ പുറത്തെടുത്തിരുന്നു. ജര്‍മനിക്ക് പുറമെ, പോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളിലെ പൗരന്മാരും ഇയാളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. അതിവിദഗ്ധമായിരുന്നു ഇയാളുടെ കൊലപാതകങ്ങള്‍. പരിചരണത്തിന് എത്തുന്ന രോഗികളില്‍ അമിതമായി മരുന്നുകള്‍ കുത്തിവെച്ചും ഹൃദയസ്തംഭനത്തിനുള്ള മരുന്നുകള്‍ നല്‍കിയും ഇയാള്‍ രോഗികളെ കൊന്നു. അക്കാലത്ത് കൂടെ ജോലി ചെയ്യുന്നവര്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ രോഗികളുടെ ബന്ധുക്കള്‍ക്കോ ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു ക്രൂരത. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍  മാന്യനും മിടുക്കനുമായ ജോലിക്കാരനായിരുന്നു ഹൂഗല്‍. പലപ്പോഴും രോഗികളെ ഹൃദയസ്തംഭനത്തില്‍നിന്ന് രക്ഷിച്ചതിനാല്‍ ആശുപത്രി അധികൃതരും സഹപ്രവര്‍ത്തകരും ഇയാള്‍ക്ക് ഹീറോ പരിവേഷം നല്‍കിയിരുന്നു. രോഗികള്‍ക്ക് താന്‍ വരുത്തിവെച്ച രോഗം ഭേദമാക്കുകയായിരുന്നു അയാള്‍ ചെയ്തത്. 

ഓര്‍ഡ്സ്ബര്‍ഗിലെ വിവിധ ആശുപത്രികളിലായിരുന്നു കൊലപാതക പരമ്പര അരങ്ങേറിയത്. 1999ല്‍ തുടങ്ങിയ ജോലിക്കിടയിലെ കൊലപാതകം 2003-2005 കാലഘട്ടത്തില്‍ പാരമ്യത്തിലെത്തി. ഒടുവില്‍ ഹൂഗലിന് കുരുക്ക് വീണു. 2005ല്‍ ഒരു രോഗിയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചുരുളുകള്‍ അഴിയുന്നത്. പിന്നീട് പരാതികളുടെ പ്രളയമായിരുന്നു. കൊലപാതകങ്ങളില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഇയാള്‍ ജോലി ചെയ്ത ആശുപത്രി അധികൃതരില്‍ ചിലര്‍ക്കെതിരെയും രണ്ട് ഡോക്ടര്‍മാക്കും നഴ്സുമാര്‍ക്കുമെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios