വ്യാജ കറന്‍സി കാട്ടി കെണിയൊരുക്കി ലഹരി കടത്ത് സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടി. 

ബെംഗളൂരു: വ്യാജ കറന്‍സി കാട്ടി കെണിയൊരുക്കി ലഹരി കടത്ത് സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടി. 500 കിലോ കഞ്ചാവുമായി കർണാടകത്തിലെത്തിയ രാജസ്ഥാന്‍ സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് സിനിമാ സ്റ്റൈല്‍ ഓപ്പറേഷനിലൂടെ പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കടത്ത് വ്യാപകമായതോടെയാണ് പൊലീസ് അന്വേഷണം വ്യാപകമാക്കിയത്. ഇടപാടുകാരെന്ന വ്യാജേന ലഹരി കടത്ത് സംഘത്തെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥർ ഒരു ടൺ കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണം കണ്ടാലേ കഞ്ചാവ് കൈമാറൂവെന്ന് സംഘം അറിയിച്ചു. 

സിനിമാ ചിത്രീകരണത്തിനുപയോഗിക്കുന്ന വ്യാജ നോട്ടുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ സംഘത്തിന് കാട്ടിക്കൊടുത്തു. തുടർന്ന് നഗരത്തില്‍ ട്രക്കില്‍ കഞ്ചാവുമായെത്തിയ സംഘത്തെ കെആർ പുരത്തെ ഗോഡൗണില്‍വച്ചാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഡ്രൈവറുടെ സീറ്റിന് പിന്നില്‍ 86 കെട്ടുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

രാജസ്ഥാന്‍ സ്വദേശികളായ ദയാല്‍റാം, പൂനാറാം, ബുദ്ദാറാം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചില്‍ ഊർജിതമാക്കിയതായും ബെംഗളൂരു കമ്മീഷണർ കമാല്‍ പന്ത് അറിയിച്ചു. പത്തു ദിവസത്തോളം നീണ്ട ഓപ്പറേഷനില്‍ പങ്കെടുത്ത എസ്ഐ അംബരീഷിന്‍റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് 80000 രൂപ പാരിതോഷികവും ബെംഗളൂരു കമ്മീഷണർ കൈമാറി.