Asianet News MalayalamAsianet News Malayalam

'മിന്നൽ മുരളി' സെറ്റ് പൊളിച്ചത് കുപ്രസിദ്ധ കുറ്റവാളിയും സംഘവും, നേതാവ് അറസ്റ്റിൽ

കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കാരി രതീഷും സംഘവുമാണ് സെറ്റ് ആക്രമിച്ച് തകർക്കാൻ നേതൃത്വം നൽകിയത്. കാരി രതീഷുൾപ്പടെ എല്ലാവരും അഖില ഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരാണ്.

set of minnal murali demolished by goonda kari ratheesh and group who belongs to a fringe group
Author
Kochi, First Published May 25, 2020, 6:01 PM IST

കൊച്ചി: കാലടി മണപ്പുറത്ത് സിനിമാസെറ്റ് അടിച്ചു തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവും. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരുമാണ്. 

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല. 

ഇതിനിടെയാണ് ഇന്നലെ വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് എഎസ്പി എം.ജെ. സോജന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂ‍‍‍ഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ കേസും എടുത്തു.

മലയാളസിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്പിക്ക് ആഘോഷസമിതിയും പരാതി നൽകി. 

Follow Us:
Download App:
  • android
  • ios