കൊലപാതകത്തിന് ശേഷം ശ്രദ്ധതിരിക്കാനായി വിഗ്രഹത്തിന് മുന്നില്‍ തല കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ആരാണ് കൊല്ലപ്പെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്ത് താമസിക്കുന്ന ആരുടേതുമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ (Andhrapradesh) നല്‍ഗൊണ്ടയിലെ ചിന്തപള്ളിയിലെ കാളീക്ഷേത്രത്തിലെ വിഗ്രത്തിന് (Kali diety) മുന്നില്‍ മനുഷ്യന്റെ വെട്ടിയെടുത്ത തല കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തല കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ വിഗ്രഹത്തിന്റെ കാല്‍ചുവട്ടില്‍ ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ തലയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നരബലിയാണെന്ന് (sacrifice) സംശയിക്കുന്നതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം ശ്രദ്ധതിരിക്കാനായി വിഗ്രഹത്തിന് മുന്നില്‍ തല കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ആരാണ് കൊല്ലപ്പെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്ത് താമസിക്കുന്ന ആരുടേതുമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹൈദരാബാദിനും നാഗാര്‍ജുന സാഗറിനും ഇടയിലുള്ള ഹൈവേക്കരികിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വേറെയെവിടെനിന്നെങ്കിലും കൊല നടത്തി വാഹനത്തിലെത്തി തല വിഗ്രഹത്തിനരികെ ഉപേക്ഷിച്ചതാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് പറയുന്നത്. ആരാണ് കൊല്ലപ്പെട്ടതെന്ന് അറിയാനും പ്രതികളെ കണ്ടെത്താനും സിസിടിവി പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്. കൊല്ലപ്പെട്ടയാളുടെ ചിത്രം ആന്ധ്ര, തെലങ്കാന, അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിന് നല്‍കി.