യുവതി പരാതി നല്‍കുമെന്ന് തനിക്കറിയാമായിരുന്നു. താന്‍ കളി തുടങ്ങുകയാണെന്നും , തന്‍റെ കൈയിലും അഭിഭാഷകരുണ്ടെന്നും മന്ത്രി വികാരഭരിതനായി മാധ്യമങ്ങളോട് പ്രതികരിച്ചു. 

ബംഗലൂരു: കർണാടകത്തില്‍ സിഡി വിവാദത്തില്‍ രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ പോലീസ് കേസെടുത്തു. മന്ത്രിയോടൊപ്പം ദൃശ്യങ്ങളിലുള്ള യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്..

സർക്കാർ ജോലി നല്‍കാമെന്ന് പറഞ്ഞ് തന്നെ മന്ത്രിയായിരിക്കെ രമേശ് ജാ‍ർക്കിഹോളി ലൈംഗികമായി പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. താനറിയാതെ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി മുന്‍ മന്ത്രി തന്നെയാണ് മാധ്യമങ്ങൾക്ക് നല്‍കിയതെന്നും, താനൊന്നും പുറത്ത് പറയാതിരിക്കാനാണ് ഇത് ചെയ്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ മുഖേന യുവതി നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം, അപകീർത്തിപ്പെടുത്തല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് കബ്ബൺ പാർക്ക് പോലീസ് മുന്‍മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് രമേശ് ജാർക്കിഹോളി പറഞ്ഞു. യുവതി പരാതി നല്‍കുമെന്ന് തനിക്കറിയാമായിരുന്നു. താന്‍ കളി തുടങ്ങുകയാണെന്നും , തന്‍റെ കൈയിലും അഭിഭാഷകരുണ്ടെന്നും മന്ത്രി വികാരഭരിതനായി മാധ്യമങ്ങളോട് പ്രതികരിച്ചു. 

അതേസമയം യുവതിയുടെ ചില ഫോൺകോൾ റെക്കോഡുകൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതില്‍ തനിക്ക് പിന്തുണ നല്‍കുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച് യുവതി പറയുന്നുണ്ടെന്നും അത് ഡികെ ശിവകുമാറാണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഡികെ ശിവകുമാർ ഉടന്‍ രാജിവയക്കണമെന്ന ക്യാംപെയ്നും സമൂഹമാധ്യമങ്ങളിലൂടെ ബിജെപി ശക്തമാക്കുകയാണ്. 

എന്നാല്‍ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ യുവതി ഹാജരായിട്ടില്ല. തന്‍റെ കുടുംബാംഗങ്ങൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കിയാലേ മൊഴി നല്‍കാന്‍ ഹാജരാകൂവെന്നാണ് യുവതി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. കോൺഗ്രസ് നേതാക്കൾ തനിക്ക് പിന്തുണ നല്‍കണമെന്നും യുവതി വീഡിയോയില്‍ അഭ്യർത്ഥിച്ചിരുന്നു.