ഇടുക്കി: കരിമണ്ണൂരിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് ആരോപണം. പ്രതി പണം നൽകി കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അമ്മ സാമൂഹ്യനീതി വകുപ്പിന് പരാതി നൽകി.

അഞ്ച് ദിവസം മുമ്പാണ് കരിമണ്ണൂർ സ്വദേശി വിനോദ് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമ്മ അടുത്ത പറമ്പിൽ ആടിനെ കെട്ടാൻ പോയപ്പോൾ വിനോദ് വെള്ളം ചോദിച്ച് വീട്ടിലെത്തി 30 വയസുള്ള യുവതിയെ കടന്ന് പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു.

ഇവരുടെ അടുത്ത വീട്ടിൽ പണിക്ക് നിൽക്കുന്നയാളാണ് വിനോദ്. യുവതിയുടെ അമ്മ ഉടൻ തന്നെ കരിമണ്ണൂർ പൊലീസിൽ വിളിച്ച് പരാതി നൽകി. പൊലീസുകാരെത്തി മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെ കേസ് പിൻവലിപ്പിക്കാനുള്ള സമ്മർദ്ദം തുടങ്ങി.

പരാതിയിൽ നാല് ദിവസം മുമ്പ് തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തെളിവുകൾ ശേഖരിക്കുകയാണെന്നും കേസിൽ തുടർനടപടികൾ ഉണ്ടാകുമെന്നും കരിമണ്ണൂർ പൊലീസ് അറിയിച്ചു.