കോട്ടയം:  റിമാന്‍റിലിരിക്കെ മരിച്ച ഷഫീഖിന്‍റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം. ഷഫീഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജയിൽ ഡി ഐ ജി നാളെ ഡിജിപിക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചേക്കും

ഷഫീക് മരിച്ചു രണ്ട് ദിവസമായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന് ചൂണ്ടികാട്ടിയാണ് കുടുംബം മുഖ്യ മന്ത്രിയെ കാണാൻ ഒരുങ്ങുന്നത്. പോലീസിനെതിരെയുള്ള ആരോപണമായതിനാൽ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഒരു ഏജൻസി അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തു വരുമോയെന്ന ആശങ്കയും കുടുംബത്തിനുണ്ട്. നിരീക്ഷണത്തിലിരിക്കെ ഷഫീഖിന്‍ അപസ്മാരം ഉണ്ടായെന്ന ജയിൽ വകുപ്പിന്റെ വിശദീകരണവും കുടുംബം തള്ളി. 

ഷഫീകിനു ജീവിതത്തിൽ ഇത് വരെ അപസ്മാരം ഉണ്ടായിട്ടില്ലെന് കുടുംബം പറഞ്ഞു. ഷഫീഖിനെ പാർപ്പിച്ചിരുന്ന പോസ്റ്റൽ സ്കൂളിലെത്തിയും എറണാകുളം ജനറൽ ആശുപുത്രിയിൽ എത്തിയും ജയിൽ ഡിഐജി സാം താങ്കയ്യൻ തെളിവെടുപ്പ് നടത്തിയിരുന്നു. സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചു വരികയാണെന്നും അതിന് ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുകയെന്നും ജയിൽ ഡിഐജി പറഞ്ഞു. നാളെ തന്നെ ഒരു പ്രാഥമിക റിപ്പോർട്ട്‌ ജയിൽ ഡി ജി പിക്ക് സമർപ്പിക്കും.

ഷഫീഖിന്റെ മരണത്തിൽ കേസ് എടുത്ത മനുഷ്യാവകാശ കമിഷൻ ജയിൽ ഡി ജി പി യോടും കോട്ടയം ജില്ലാ പോലീസ് മേധാവിയോടും റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. 11 ആം തിയ്യതിയാണ് സാമ്പത്തിക തട്ടിപ് കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പളളിയിൽ വെച്ച് ഷഫീഖിനെ ഉദയമ്പേരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് റിമാൻഡ് ചെയ്ത ഷഫീക് 13 ആം തിയ്യതിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപുത്രിയിൽ മരിച്ചത്. കാക്കനാട് ജയിലിൽ വെച്ചു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.