ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് എത്തിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്

കണ്ണൂര്‍: പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്ത് സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. രാമന്തളി സ്വദേശിനിയായ ഷമീല ആത്മഹത്യ ചെയ്ത കേസില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് വൈകിയാണെങ്കിലും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്.

പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് എത്തിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഭർതൃവീട്ടിൽ കഴിഞ്ഞ മാസം രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ആത്മഹത്യ ചെയ്യതത്. ഏഴ് വ‍ർഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്.

ആദ്യത്തെ കുറച്ച് വർഷം സന്തോഷകരമായിരുന്നു ഇരുവരുടെയും ജീവിതം. പിന്നീടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പ്ലസ് ടൂ വരെ പഠിച്ച ഷമീല ആരോടും ഭ‍ർത്താവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞിരുന്നില്ല. ഗൾഫിൽ ജോലി ഉണ്ടായിരുന്ന റഷീദ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. റഷീദിനെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ റഷീദിനെ റിമാൻഡ് ചെയ്തു.