പോക്സോ കേസില്‍ ബാബുരാജിനെയും കടയ്ക്ക് തീയിട്ടതിന് പതിമൂന്നുകാരിയുടെ പിതാവിനേയും റിമാന്‍ഡ് ചെയ്തു. 

ചേരാനെല്ലൂര്‍: പലഹാരം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. ചേരാനെല്ലൂരിലെ വിഷ്ണുപുരം ജംഗ്ഷനിലെ ബേക്കറി കടയുടമ ബാബുരാജാണ് കടയിലെത്തിയ 13കാരിയെ ദുരുപയോഗിക്കാന്‍ ശ്രമിച്ചത്. 51 കാരനായ ബാബുരാജിനെ ചേരാനെല്ലൂര്‍ പൊലീസ് പോക്സോ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാല് മണിയോടെയായിരുന്നു പെണ്‍കുട്ടി ബേക്കറിയിലെത്തിയത്. 

മകളെ അതിക്രമിക്കാന്‍ ശ്രമിച്ച വിവരം അറിഞ്ഞതിന് പിന്നാലെ 13കാരിയുടെ പിതാവ് ബാബുരാജിന്‍റെ ബേക്കറിക്ക് തീയിട്ടു. ഏഗ്നിബാധയില്‍ കട ഭാഗികമായി നശിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു കടയ്ക്ക് തീയിട്ടത്. പോക്സോ കേസില്‍ ബാബുരാജിനെയും കടയ്ക്ക് തീയിട്ടതിന് പതിമൂന്നുകാരിയുടെ പിതാവിനേയും റിമാന്‍ഡ് ചെയ്തു. 

തിരുവനന്തപുരത്ത് ആളില്ലാത്ത സമയം നോക്കി വീട്ടിൽ കയറി പതിമൂന്നുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ലൂർദ്ദിപുരം കാക്കത്തോട്ടം കോളനിയിൽ വാടയ്ക്ക് താമസിക്കുന്ന പുതിയതുറ സ്വദേശി വിജിൻ ലോറൻസ് (23)നെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. എട്ടാം ക്ലാസുക്കാരിയുടെ മാതാപിതാക്കൾ ഇളയ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയ തക്കം നോക്കി വീട്ടിനുള്ളിൽ കടന്നു കൂടിയ പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളുടെ ശരീരത്തില്‍ ബാധ കയറിയട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിച്ച തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. പെരിന്തല്‍മണ്ണയില്‍ നടന്ന പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.