ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രതി എസ്ഐ അടക്കം രണ്ട് പൊലിസുകാരെ മർദ്ദിച്ചു. കോന്നി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച , കല്ലേലി സ്വദേശി സോമശേഖരൻ നായരാണ് പൊലീസുകാരെ മർദ്ദിച്ച് കടക്കാൻ ശ്രമിച്ചത്.
പത്തനംതിട്ട: ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രതി എസ്ഐ അടക്കം രണ്ട് പൊലിസുകാരെ മർദ്ദിച്ചു. കോന്നി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച , കല്ലേലി സ്വദേശി സോമശേഖരൻ നായരാണ് പൊലീസുകാരെ മർദ്ദിച്ച് കടക്കാൻ ശ്രമിച്ചത്.
നിരവധി കേസുകളിൽ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോന്നി കല്ലേലി സ്വദേശി സോമശേഖരൻ നായരെ കോന്നി പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇയാൾ എസ്ഐയെ അസഭ്യം പറഞ്ഞു. പിന്നീട് പൊലീസുകാരനെ മർദ്ദിച്ച് ഓടി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിൽ എസ് ഐക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു.
പിടികൂടിയ എസ്ഐ കിരണിനെയും ഇയാൾ മർദ്ദിച്ചു. അതേസമയം പിടിവലിക്കിടെ നിസാര പരിക്കേറ്റ സോമശേഖരൻ നായരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ഭാര്യയും മകളും നൽകിയതടക്കം ഒമ്പത് പരാതികളാണുള്ളത്.
സ്റ്റേഷനിൽ അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് ഭാര്യയും മകളും ഇയാൾക്കെതിരെ പരാതി നൽകിയത്.
നേരത്തെ വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ച് നശിപ്പിച്ചതിനും പൊതു ശല്യമുണ്ടാക്കിയതും സോമശേഖരൻ നായർക്കെതിരെ കേസുകളുണ്ട്. വിമുക്ത ഭടനായ സോമശേഖരൻ നായർ എസ്റ്റേറ്റ് മാനേജരായും ജോലി നോക്കിയിട്ടുണ്ട്.
