തൃശൂർ: മാരക ലഹരിമരുന്നായ കൊക്കെയ്ൻ വിൽപ്പനയും ഉപയോഗവും നടത്തിയ ആറംഗ സംഘം കയ്പമംഗലത്ത് അറസ്റ്റിൽ. ജില്ലയിലെ തീരദേശ മേഖലയിൽ വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്ന് ഇവ‍ര്‍ പൊലീസിന് മൊഴി നൽകി.

കയ്പമംഗലം സ്വദേശികളായ സന്ദേശ്, ഫസൽ, ചളിങ്ങാട് സ്വദേശികളായ അദ്നാൻ, നാദിർഷ, മതിലകം സ്വദേശികളായ വിഷ്ണു, അഖിൽ എന്നിവരെയാണ് കയ്പമംഗലം എസ്ഐ കെ എസ് സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വില്പനക്ക് കൊണ്ടുപോയിരുന്ന 60 മില്ലിഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. ലോക്ക് ഡൗണില്‍ അര ഗ്രാം കൊക്കെയ്ന് 2500 രൂപയാണ് വില. എറണാകുളത്ത് നിന്നാണ് മയക്കുമരുന്ന് കൊണ്ട് വരുന്നതെന്ന് പ്രതികൾ മൊഴി നൽകി. 

Read more: പത്തനംതിട്ടയില്‍ വിദ്യാർത്ഥിയെ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തി, രണ്ട് പേർ കസ്റ്റഡിയിൽ

പിടിയിലായവർ കഞ്ചാവ്, ഹഷീഷ്, എം.ഡി.എം തുടങ്ങിയവയും ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവിൽ കയ്പമംഗലം മേഖലയിൽ യുവാക്കളിൽ ലഹരിമരുന്ന് ഉപയോഗം കൂടുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വഴിയമ്പലത്ത് വെച്ച് പ്രതികൾ പിടിയിലായത്.

Read more: സഹോദരന്‍റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പനയ്ക്ക് വച്ച യുവാവ് പിടിയില്‍

തീരദേശ മേഖലയിൽ വിവിധയിടങ്ങളിൽ ലഹരിമരുന്നുകൾ വിതരണം ചെയ്തതായും പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പിടിയിലായവരുടെ മൊബൈൽ ഫോണിൽ നിന്ന് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് കൊക്കെയിന്റെ പണം കൈമാറുന്നത്. മേഖലയിൽ വരും ദിവസങ്ങളിൽ തുടർ അന്വേഷണം നടത്തുമെന്ന പൊലീസ് അറിയിച്ചു.