കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ, തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളും ആഘോഷ കമ്മിറ്റി അംഗങ്ങളുമായ അബ്ദുൾ കരിം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

മാത്തൂര്‍: പാലക്കാട് മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. തെരുവത്ത് പള്ളി നേർച്ചക്ക് എത്തിച്ച ഒട്ടകമാണ് ക്രൂര മർദനത്തിന് ഇരയായത്. കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ, തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളും ആഘോഷ കമ്മിറ്റി അംഗങ്ങളുമായ അബ്ദുൾ കരിം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരിപാടി കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോൾ വടി കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൃഗസംരക്ഷ വകുപ്പ് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബിക്കാനീറില്‍ ഉടമസ്ഥന്‍റെ തല കടിച്ചെടുത്ത ഒട്ടകത്തെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ബിക്കാനീറിലെ പാഞ്ചുവിലാണ് സംഭവം നടന്നത്. സോഹന്‍ റാം നായക് എന്നയാളെയാണ് ഒട്ടകം ആക്രമിച്ചത്. ഉടമയെ തള്ളി നിലത്ത് ഇട്ട ശേഷമായിരുന്നു ഒട്ടകത്തിന്‍റെ ആക്രമണം. പ്രകോപിതനായ ഒട്ടകം ഉടമയുടെ കഴുത്തിന് കടിച്ച് തല പറിച്ചെടുക്കുക ആയിരുന്നു. 

ഇതിന് പിന്നാലെ നാട്ടുകാര്‍ ഒട്ടകത്തെ പിടികൂടി ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം തല്ലിക്കൊല്ലുകയായിരുന്നു. ഒട്ടകത്തെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. സംഭവത്തില്‍ പരാതികള്‍ ഒന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് പൊലീസ് വിശദമാക്കിയത്. മറ്റൊരു ഒട്ടകത്തെ കണ്ട് കെട്ടുപൊട്ടിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി ശാന്തനാക്കാനുള്ള ശ്രമത്തിലാണ് ഉടമയ്ക്ക് ജീവന്‍ നഷ്ടമായത്.

YouTube video player

രാജസ്ഥാനില്‍ കലിപ്പിലായ ഒട്ടകം മുതലാളിയുടെ തല കടിച്ചെടുത്തു, തല്ലിക്കൊന്ന് നാട്ടുകാര്‍