ചേര്‍ത്തല: ആൾത്താമസമില്ലാത്ത വീട്ടിൽ വ്യാജമദ്യം നിര്‍മ്മിച്ച 5 പേര്‍ പിടിയില്‍. ആലപ്പുഴ അര്‍ത്തുങ്കലിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ബിവറേജ് ഔട്ട് ലേറ്റ് കളും, ബാറുകളും തുറക്കാത്ത സാഹചര്യത്തിൽ ലാഭമുണ്ടാക്കാനുള്ള ലക്ഷ്യത്തിലായിരുന്നു വ്യാജമദ്യ നിര്‍മാണമെന്ന് പൊലീസ് വിശദമാക്കി. ഇരുടെ പക്കല്‍ നിന്ന്  30 ലിറ്റർ കോടയും പൊലീസ് പിടിച്ചെടുത്തു. 

ആയിരം തൈ പൊള്ളയിൽ വീട്ടിൽ ഷിബു (38), പട്ടണക്കാട് പുരാപ്പള്ളിയിൽ വീട്ടിൽ വിഷ്ണു(27), തൈക്കൽ കൊച്ചു കടപ്പുറത്ത് വീട്ടിൽ നവറോജി (48), കൊച്ചു കടപ്പുറത്ത് ഓംകാർജി (25), തൈക്കൽ കോലപ്പശേരി അരുൺ സാബു(27) എന്നിവരാണ് പിടിയിലായത്. അതേസമയം ചേർത്തല ആരീപ്പറമ്പിന് തെക്കുവശം വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘം ഒരാളെ പിടികൂടി. 

ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ചാണികാട്ടുവെളി വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷി (36)നെയാണ് പിടികൂടിയത്. 750 മില്ലിലിറ്റർ ചാരായവും 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. രഹസ്യ സന്ദേശത്തെ തുടർന്ന് ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ. കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.