ഭോപ്പാല്‍: ലോക്ക്ഡൗണിനിടെ മധ്യപ്രദേശില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കണ്ണുകള്‍ക്ക് മാരക പരിക്കേല്‍പ്പിച്ചു. ദാമോ ജില്ലയിലെ ബാന്‍ഷിപൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബുധനാഴ്ചമുതല്‍ കുട്ടിയെ കാണാനുണ്ടായിരുന്നില്ല.  ഏറെ തിരഞ്ഞെങ്കിലും കുട്ടിയുടെ വിവരം ലഭിച്ചില്ല. എന്നാല്‍ വ്യാഴാഴ്ച രാവിലെ കുട്ടിയെ കൈകള്‍ കൂട്ടിക്കെട്ടി, അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ പൊലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ കണ്ണുകള്‍ക്ക് മാരകമായി പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യനില അതിഗുരുതരമാണെന്നും പൊലീസ് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയെ അടിയന്തര നേത്ര ശസ്ത്രക്രിയക്ക് വിധേയമാക്കി. ജബല്‍പുര്‍ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി ഹേമന്ത് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവം നാണക്കേടും നിര്‍ഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കുട്ടിക്ക് മികച്ച ചികിത്സ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.