കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയില്‍. അയൽവാസിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പെൺകുട്ടിയുടെ രക്ഷിതാക്കൾ ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയില്‍ പണിയെടുക്കുന്നവരാണ്. ഈ ക്വാറിക്ക് സമീപമാണ് ഈ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ അച്ഛനും ഒരു സുഹൃത്തും മദ്യപിച്ച് വീട്ടിൽ എത്തി. പിന്നാലെ കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി. തുടർന്ന് അമ്മ വീട്ടിൽ നിന്ന് ഇറങ്ങി പോയി. ഭാര്യയെ കാണാതായതോടെ കുട്ടിയുടെ അച്ഛൻ അന്വേഷിച്ചിറങ്ങി. പെൺകുട്ടിയും രണ്ടും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളുമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നരയോടെ അച്ഛനും അമ്മയും വീട്ടിൽ എത്തിയപ്പോഴാണ് ആറ് വയസുള്ള മകള്‍ വീടിനുള്ളിൽ അവശനിലയില്‍ കിടക്കുന്നത് കണ്ടത്.

കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശസ്ത്രക്രിയക്ക് വിധേയയായ പെൺകുട്ടി മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നീരിക്ഷണത്തിലാണ്. പെൺകുട്ടി അബോധാവസ്ഥയിലായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്‍റെയും കൂട്ടുകാരന്‍റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.