കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ വീട്ടിൽ വച്ച്  ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനായ  അച്ഛനടക്കം നാല് പേർ അറസ്റ്റിൽ. അച്ഛനടക്കം ഏഴ് പേർ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പതിനാറുകാരി നീലേശ്വരം സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ , മദ്രസാധ്യാപകനായ അച്ഛൻ,  റിയാസ്, മുഹമ്മദലി,  ഇജാസ് എന്നിവരാണ് പിടിയിലായത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞു.

എട്ടാം ക്ലാസ് മുതൽ വീട്ടിൽ വച്ച് പല തവണ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് മറ്റ്‌ ആറ്  പേരും പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് രണ്ട് മാസം മുമ്പ് പെൺകുട്ടി ഗർഭിണിയാവുകയും ഗർഭം അലസിപ്പിക്കുകയുമുണ്ടായി. ഈ വിവരമറിഞ്ഞ അമ്മാവൻ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മയ്ക്കും പീഡന വിവരം അറിയാമായിരുന്നു എന്നാണ് വിവരം. ഇവരെ പ്രതി ചേര്‍ത്തേക്കും. 

കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്. വിദ്യാർത്ഥികളെ പീഡനത്തിന് ഇരയാക്കിയതിനാണ് കേസ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് ശേഷം  നാല് പ്രതികളേയും ഹോസ്‍ദുര്‍ഗ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് റിമാൻഡ് ചെയ്തു.