എന്നാല്‍ കപ്പലിലേക്ക് കയറ്റുന്നതിനു മുമ്പ് തുറമുഖത്ത് സിഐഎസ്എഫ് നടത്തിയ പരിശോധനയില്‍ കഞ്ചാവാണെന്ന് കണ്ടെത്തി. 

കൊച്ചി: 2.350 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരനെ കൊച്ചി ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശി അബ്ദുല്‍ നാസിദ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ാം തീയതി ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലുള്ള നാലു പേരുടെ വിലാസത്തില്‍ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും കഞ്ചാവ് അയച്ചിരുന്നു.

എന്നാല്‍ കപ്പലിലേക്ക് കയറ്റുന്നതിനു മുമ്പ് തുറമുഖത്ത് സിഐഎസ്എഫ് നടത്തിയ പരിശോധനയില്‍ കഞ്ചാവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ വിവരം ഹാര്‍ബര്‍ പൊലീസിന് കൈമാറി. പൊലീസ് ലക്ഷദ്വീപിലെത്തി പാഴ്‌സലിലെ വിലാസത്തിലെത്തിലുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് കഞ്ചാവ് അയച്ചത് അബ്ദുള്‍ നാസിദ് ആണെന്ന് വിവരം ലഭിച്ചത്.

സൈന്യത്തില്‍ കാശ്മീരില്‍ സേവനം അനുഷ്ടിക്കുന്ന ഇയാള്‍ ലോക്ക് ഡൗണ്‍ കാലത്ത് അവധിയെടുത്ത് നാട്ടിലെത്തിയതാണ്. പിടികൂടിയ കഞ്ചാവ് ലക്ഷദ്വീപിലേക്ക് കടത്താനായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.