ചെന്നൈ: കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ചെന്നൈ പല്ലാവരത്തുള്ള കരസേനാ ക്യാമ്പില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 നാണ് സംഭവം. കരസേനയില്‍ ഹവില്‍ദാറായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രവീണ്‍കുമാര്‍ ജോഷിയെ റൈഫിള്‍മാനായ പഞ്ചാബ് സ്വദേശി ജഗ്സീര്‍ സിങാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. 

ജോലിക്കെത്താന്‍ താമസിച്ചതിനും ജോലിയില്‍ വീഴ്ച വരുത്തിയതിനും ജഗ്സീര്‍ സിങിനെ പ്രവീണ്‍കുമാര്‍ ശകാരിച്ചിരുന്നു. ശിക്ഷയായി പിന്നിലേക്ക് കരണംമറിഞ്ഞ് ചാടാനും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്ഷുഭിതനായ ജഗ്സീര്‍ സിങ് മുറിയില്‍ ഉറങ്ങിക്കിടന്ന പ്രവീണ്‍കുമാറിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ജഗ്സീര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് സൈനികര്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പല്ലാവരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.