പാലാ: മരണപ്പെട്ട അമ്മയുടെ മൃതദേഹം അഴുക്ക് ചാലിൽ എറിഞ്ഞ മകൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി അലക്സ് ബേബിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലാ കാർമൽ ആശുപത്രിക്ക് സമീപത്തെ കലുങ്കിനടിയിൽ നിന്നും അമ്മുക്കുട്ടി ബേബിയുടെ മൃതദേഹം കണ്ടെത്തിയത്.

അമ്മയുടെ പേരിലെ വസ്തു 60 ലക്ഷം രൂപയ്ക്ക് പത്ത് വർഷം മുൻപ് വിറ്റ ശേഷമാണ്  ഈ ക്രൂര കൃത്യത്തിന് അലക്സ് മുതിർന്നത്. വസ്തു വിറ്റ പണം ധൂർത്തടിച്ച് കളഞ്ഞ ശേഷം കോട്ടയം ചിങ്ങവനത്തെ ലോഡ്ജിലായിരുന്നു അലക്സും അമ്മ അമ്മുക്കുട്ടി ബേബിയും താമസിച്ചിരുന്നത്. ബുധനാഴ്ച വാർദ്ധക്യ സഹജമായ അസുഖങ്ങളെ  തുടർന്ന് 76 കാരിയായ അമ്മുക്കുട്ടി ലോഡ്ജിൽ വച്ചാണ് മരിച്ചത്. അന്ന് രാത്രി പ്രതി അമ്മയുടെ മൃതദേഹവുമായി കാറിൽ ചങ്ങനാശേരി, പുതുപ്പള്ളി, പാല എന്നിവടങ്ങളിലൂടെ സഞ്ചരിച്ചു. കാറില്‍ നിന്ന് മൃതദേഹം വീണ് പോകാതിരിക്കാൻ സീറ്റ് ബെൽറ്റിട്ടായിരുന്നു സഞ്ചാരം. 

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ പാലാ കാർമൽ ആശുപത്രിക്ക് സമീപത്തെ കലുങ്കിനടയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞു. തുടർന്ന് കാർ സമീപത്തെ പാർക്കിഗ് ഏരിയയിൽ ഇട്ട ശേഷം ബസിൽ കയറി തിരുവല്ല, അടൂർ എന്നിവടങ്ങളിൽ പോയി. പിന്നീട് കാർ തിരികെയെടുക്കാൻ എത്തിയപ്പോൾ കാത്ത് നിന്ന പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.

ശവസംസ്കാരത്തിന് പണം ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞത്. മാവേലിക്കര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. അവിവാഹിതനായ അലക്സ് വാഹന ബ്രോക്കറാണ്. അമ്മയെ അപായപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്