സമ്പന്നരായ മാതാപിതാക്കളെ 1.2 മില്യണ്‍ വിലവരുന്ന അവരുടെ വീട്ടില്‍ വച്ചാണ് മകന്‍ ആക്രമിച്ചത്. 1980 കാലഘട്ടത്തില്‍ ബോയ്സ് ഹോസ്റ്റലില്‍ നിന്ന് പഠിക്കേണ്ടി വന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം

ബാല്യകാലത്ത് ബോര്‍ഡിംഗ് സ്കൂളിലാക്കിയ മാതാപിതാക്കളെ നാല്‍പത് വര്‍ഷത്തിന് ശേഷം ക്രൂരമായി ആക്രമിച്ച് മകന്‍. ഇംഗ്ലണ്ടിലെ ചെഷയറിലാണ് 82 ഉം 85ഉം വയസ് പ്രായമുള്ള മാതാപിതാക്കള്‍ക്ക് 51കാരനായ മകന്‍റെ ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. സമ്പന്നരായ മാതാപിതാക്കളെ 1.2 മില്യണ്‍ വില വരുന്ന അവരുടെ വീട്ടില്‍ വച്ചാണ് മകന്‍ ആക്രമിച്ചത്. 1980 കാലഘട്ടത്തില്‍ ബോയ്സ് ഹോസ്റ്റലില്‍ നിന്ന് പഠിക്കേണ്ടി വന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

സര്‍ക്കാര്‍ എന്‍ജിനിയറായിരുന്ന നിക്കോളാസ് ക്ലേടണും ഭാര്യ ജൂലിയയെയുമാണ് മകന്‍ എഡ് ലിന്‍സ് ആക്രമിച്ചത്. നിക്കോളാസിന് മകന്‍റെ ആക്രമണത്തില്‍ തലയ്ക്കാണ് പരിക്കേറ്റത്. ജൂലിയയെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. വാക്കേറ്റത്തിനിടെ ഇരുവരേയും കടിച്ചുവരെയാണ് എഡ് ലിന്‍സ് ആക്രമിച്ചത്. രണ്ട് മക്കളുടെ പിതാവായ എഡ് ലിന്‍സ് മാതാപിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്തതായും പൊലീസ് സംശയിക്കുന്നുണ്ട്. നേരത്തെ അമ്മയ്ക്കെതിരെ ഭീഷണി സന്ദേശം അയച്ചതിന് ഇയാള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചിരുന്നു. എഡ് ലിന്‍സ് കഞ്ചാവ് ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു.

പിതാവിനെതിരായ ആക്രമണത്തില്‍ കൊലപാതക ശ്രമം അടക്കമുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊലീസ് കസ്റ്റഡിയില്‍ പല തവണ അസ്വാഭാവികമായി പെരുമാറിയ ലിന്‍സിനെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ലണ്ടനിലെ തന്നെ ഏറ്റവും പ്രശസ്തമായ ബോര്‍ഡിംഗ് സ്കൂളില്‍ നിന്നാണ് നിക്കോളാസ് പഠനം പൂര്‍ത്തിയാക്കിയത്.

നേരത്തെ തായ്ലാന്‍ഡ് സ്വദേശിയായ ഭാര്യയ്ക്കൊപ്പം ജീവിക്കാന്‍ മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ലിന്‍സ് കോടതിയെ സമീപിച്ചിരുന്നു. 2019ല്‍ ലിന്‍സ് മര്‍ദ്ദിച്ചതായി കാണിച്ച് ഭാര്യ കോടതിയെ സമീപിച്ചിരുന്നു. അന്ന് കുറ്റസമ്മത സമയത്ത് തന്‍റെ സ്വഭാവ വൈകൃതങ്ങള്‍ക്ക് ബോര്‍ഡിംഗ് സ്കൂളിലെ ജീവിതമാണ് കാരണമായതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.