കുമളി: കുമളി ചെങ്കരയിൽ അമ്മയെ ഷോക്ക് അടുപ്പിച്ച് കൊല്ലാൻ മകന്റെ ശ്രമം. ജീവിക്കാൻ അമ്മ തടസ്സമാകുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം. ചെങ്കര എച്ച് എം എൽ  എസ്‌റ്റേറ്റ് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബന്ധുവീട്ടിൽ പോയി തിരികെ എത്തിയ രാജേന്ദ്രന്റെ അമ്മ മരിയ ശെൽവം വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. 

ഉടൻ തന്നെ നാട്ടുകാർ ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നാട്ടുകാർ നടത്തിയ പരിശോധനയിൽ വൈദ്യുതി ബോർഡിൽ നിന്നും പൂട്ടിലേയ്ക്ക് കണക്ഷൻ കൊടുത്തിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. നാട്ടുകാർ കുമളി പൊലീസിൽ വിവരമറിയിച്ചതോടെ അന്വേഷണം നടത്തി. പെൻഷൻ തുക രാജേന്ദ്രൻ മരിയ ശെൽവിയോട് ആവശ്യപ്പെട്ടപ്പോൾ അത് നൽകാതിരുന്നതിന്റെ വൈരാഗ്യത്തിൽ ചെയ്തതാണെന്നാണ് കണ്ടെത്തല്‍. 

കൂടുതൽ ന്വേഷണത്തിൽ മകന്റെ സ്വൈര ജീവിതത്തിന് അമ്മ തടസ്സമാകുന്നതായി മകന്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അമ്മയുടെ ആവശ്യങ്ങൾ നിറവേറ്റാതെയും, പട്ടിണിക്കിട്ടും ക്രൂരത കാട്ടി എന്നും തെളിഞ്ഞിട്ടുണ്ട്.  പ്രതിയ്ക്കെതിരെ കൊലപാത ശ്രമത്തിന് പൊലീസ് കേസെടുത്തു.