ബെലഗവി: പബ്ജി കളിക്കാന്‍ സമ്മതിക്കാതിരുന്ന പിതാവിനെ മകന്‍ വെട്ടിക്കൊന്നു. കര്‍ണാടകയിലെ കകതി ഗ്രാമത്തില്‍ സിദ്ധേശ്വര്‍ നഗറിലാണ് 21- കാരനായ മകന്‍ അച്ഛനെ കൊലപ്പെടുത്തിയതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ചയാണ് സംഭവം. പോളിടെക്നിക് വിദ്യാര്‍ത്ഥിയായ രഘുവീര്‍ കുമ്പാര്‍ പഠനത്തില്‍ വളരെ പിന്നിലായിരുന്നു. മൂന്ന് പരീക്ഷകളില്‍ പരാജയപ്പെട്ട ഇയാള്‍ മൊബൈല്‍ ഫോണില്‍ ഏറെ നേരം ചെലവിട്ടിരുന്നു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് യുവാവ് പരീക്ഷകളില്‍ പരാജയപ്പെടാന്‍ കാരണമെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു.

ഞായറാഴ്ച വൈകിട്ട് പബ്ജി കളിക്കാനായി രഘുവീര്‍ പിതാവിനോട് പണം ചോദിച്ചു. എന്നാല്‍ പണം നല്‍കില്ലെന്ന് പിതാവ് ശങ്കര്‍ ദേവപ്പ കുമ്പാര്‍ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ രഘുവീര്‍ അയല്‍വാസിയുടെ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ഇതേ തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായ പിതാവ് ശങ്കര്‍ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസുകാര്‍ രഘുവീറിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

എന്നാല്‍ തിങ്കളാഴ്ച വീട്ടിലെത്തിയ രഘുവീര്‍ വീണ്ടും പബ്ജി കളിക്കുന്നത് പിതാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ദേഷ്യം വന്ന ശങ്കര്‍ മകന്‍റെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് രാത്രി ഉറങ്ങിക്കിടന്ന പിതാവിനെ രഘുവീര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ ശങ്കറിന്‍റെ കാലുകളും രഘുവീര്‍ ഛേദിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പിതാവിന്‍റെ ശരീരം മുഴുവനായും വെട്ടിമുറിച്ച ശേഷം വരാമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രഘുവീറിനെ അറസ്റ്റ് ചെയ്തു.