തിരുവനന്തപുരം: പത്ത് വർഷം മുൻപ് കാണാതായ തിരുവനന്തപുരം സ്വദേശി കൃഷ്ണനെ മകൻ തന്നെ കൊന്ന് പുഴയിലൊഴുക്കിയതാണെന്ന് പൊലീസ്. മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ട് പാറശ്ശാല സ്വദേശി ഷാജിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം അച്ഛനെ കൊന്ന വിവരം ഷാജി പൊലീസിനോട് തുറന്ന് പറഞ്ഞത്. ഇതേത്തുടർന്ന് തമിഴ്‍നാട് പൊലീസിനെ സമീപിച്ച കേരളാ പൊലീസിനോട് ഷാജി പറഞ്ഞ കാലത്ത് ഒരു മൃതദേഹം തമിഴ്‍നാട്ടിൽ പൊന്തിയതായി പറഞ്ഞു. തുടർന്ന് തമിഴ്‍നാട് പൊലീസ് അന്ന് മറവ് ചെയ്ത മൃതദേഹം കേരളാ പൊലീസ് പോയി കുഴിച്ചെടുത്ത് പരിശോധിച്ചു. ഇത് കൃഷ്ണന്‍റേത് തന്നെയാണെന്നാണ് കേരളാ പൊലീസിന്‍റെ നിഗമനം.

പത്ത് വ‌ർഷം മുമ്പ് അച്ഛനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ ഷാജി തന്നെയാണ് പാറശ്ശാല പൊലീസിൽ പരാതി നൽകിയത്. അന്ന് ഒരു വ‌ർഷത്തോളം പൊലീസ് കേസന്വേഷിച്ചു. ഒരു തുമ്പും കിട്ടാതിരുന്നതിനെത്തുടർന്ന് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. പത്ത് വർഷം കഴിഞ്ഞ് കൂട്ടുകാരനെ കൊന്ന കേസിൽ പൊലീസ് ഷാജിയെ അറസ്റ്റ് ചെയ്തു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അങ്ങനെ ചോദ്യം ചെയ്തപ്പോഴാണ് താൻ ഈ കൊലപാതകം മാത്രമല്ല, തന്‍റെ സ്വന്തം അച്ഛനെയും കൊന്നിട്ടുണ്ടെന്ന് ഷാജി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. അച്ഛനെ തലയ്ക്ക് അടിച്ച് കൊന്ന് പുഴയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. ഇതിന് ശേഷം കൃത്യം മറയ്ക്കാനാണ് അച്ഛനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. അന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ മൊഴി നൽകുകയും ചെയ്തെന്നും ഷാജി തുറന്ന് സമ്മതിച്ചു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഷാജി പറഞ്ഞ കാലത്ത് തമിഴ്‍‍നാട്ടിലേക്ക് ഒഴുകുന്ന പുഴ വഴി ഏതെങ്കിലും മൃതദേഹം കിട്ടിയിരുന്നോ എന്ന് കേരളാ പൊലീസ് തമിഴ്‍നാട് പൊലീസിനോട് അന്വേഷിച്ചത്. പറഞ്ഞ ദിവസത്തിന് പിറ്റേന്ന് ഒരു മൃതദേഹം കിട്ടിയിരുന്നെന്നും, അത് അജ്ഞാത മൃതദേഹമാണെന്ന് കണ്ട് മറവ് ചെയ്യുകയും ചെയ്തെന്നും തമിഴ്‍നാട് പൊലീസ് അറിയിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ അത് എവിടെയാണ് മറവ് ചെയ്തതെന്ന വിവരം തമിഴ്‍നാട് പൊലീസിന്‍റെ പക്കലുണ്ടായിരുന്നു. ഇതനുസരിച്ചാണ് കേരളാ പൊലീസിന്‍റെ ഫൊറൻസിക് പരിശോധനാ സംഘം സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് പരിശോധിച്ചത്. ഇത് വിശദമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കൃഷ്ണന്‍റെ മൃതദേഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. എങ്കിലും മറ്റൊരു കൊലപാതകം തെളിയിക്കുന്നതിനിടെ, വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കൊലക്കേസിൽ തുമ്പുണ്ടാക്കാനായത് കേരളാ പൊലീസിന് നേട്ടമാണ്.