കൊച്ചി: കൊച്ചി എളമക്കരയിൽ മകൻ മാതാപിതാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമക്കര സ്വദേശികളായ ഷംസു എ ശേഖരൻ, ഭാര്യ സരസ്വതി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എളമക്കരയിൽ മൂവരും താമസിക്കുന്ന വീട്ടിൽ രാവിലെയാണ് സംഭവം നടന്നത്. ചുറ്റികയ്ക്ക് തലക്ക് അടിച്ചും വാക്കത്തി ഉപയോഗിച്ച് വെട്ടിയുമാണ് മുപ്പതുകാരനായ മകൻ സനല്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെ ഒരു മുറിയിലാണ് കിടന്നിരുന്നത്. ദമ്പതികളുടെ രണ്ട് മക്കളിൽ ഒരാളായ സനിൽ മാനസിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു എന്ന് പറയപ്പെടുന്നു. രാവിലെ വാക്കത്തിയുർത്തി അമ്മയെ സനൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നാട്ടുക്കാര്‍ പറയുന്നു.   

സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി മാനസിക അസ്വാസ്ഥ്വം പ്രകടിപ്പിക്കുന്നത് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.  ഇരുവരുടെയും മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സനലിനെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം.