2014 ജനുവരി 11 നാണ് ഒരുകൊല്ലവും എട്ടുമാസവും നീണ്ടുനിന്ന ദാന്പത്യം അവസാനിപ്പിച്ച് സൗപര്‍ണിക എന്ന ആയുര്‍വേദ ഡോക്ടര്‍ ബംഗലൂരുവിലെ വീട്ടില്‍ ജീവനൊടുക്കിയത്. 

പാലക്കാട്: വിസ്മയക്ക് സമാനമായ ദുരന്തം ഏറ്റുവാങ്ങിയ ഒരുകുടുംബമുണ്ട് പാലക്കാട്. മണപ്പുള്ളിക്കാവിലെ ബാലകൃഷ്ണന്‍റെയും ഇന്ദിരാ ദേവിയുടെ മകള്‍ സൗപര്‍ണിക ബംഗലൂരുവില്‍ ജീവനൊടുക്കിയിട്ട് ഏഴരക്കൊല്ലം. സ്ത്രീധന പീഡനക്കേസ് ഇന്നും വിചാരണയില്‍. മകള്‍ക്ക് നീതിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം.

ദിവസങ്ങളെണ്ണി മുന്നോട്ട് പോവുകയാണ് മകളെ നഷ്ടപ്പെട്ട മണപ്പുള്ളിക്കാവിലെ ഈ അമ്മ. 2014 ജനുവരി 11 നാണ് ഒരുകൊല്ലവും എട്ടുമാസവും നീണ്ടുനിന്ന ദാന്പത്യം അവസാനിപ്പിച്ച് സൗപര്‍ണിക എന്ന ആയുര്‍വേദ ഡോക്ടര്‍ ബംഗലൂരുവിലെ വീട്ടില്‍ ജീവനൊടുക്കിയത്. ബംഗലൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുനില്‍കുമാറിന് സൗപര്‍ണികയെ വിവാഹം ചെയ്തയക്കുന്പോള്‍ ചോദിച്ച സ്ത്രീധനമത്രയും നല്‍കി.

കൂടുതല്‍ പണത്തിനായി ഭര്‍ത്താവും വീട്ടുകാരും പീഡനമാരംഭിച്ചെന്ന് സൗപര്‍ണികയുടെ കുടുംബം. പ്രശ്നപരിഹാരത്തിന് രണ്ടു തവണ മധ്യസ്ഥ ശ്രമം. ഒടുവില്‍ ഭര്‍ത്താവൊന്നിച്ച് ജര്‍മനിയിലേക്ക് പോകുന്നതിന് വിസ ശരിയായതിന്‍റെ മൂന്നാം ദിവസം ഈ കുടുംബത്തെ തേടിയെത്തിയത് മകളുടെ മരണ വാര്‍ത്ത.

പീന്നിടുള്ളത് നീണ്ട നിയമ പോരാട്ടത്തിന്‍റെ നാളുകള്‍. ഇപ്പോള്‍ കേസ് അവസാന ഘട്ടത്തില്‍. ഇന്നീ കുടുംബം കാത്തിരിക്കുന്നത് കോടതിയുടെ വിധിതീര്‍പ്പിനായി.