ബറേലി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ സമാജ് വാദി പാര്‍ട്ടി നേതാവിനെയും മകനെയും പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പട്ടാപ്പകല്‍ ക്യാമറക്ക് മുന്നിലാണ് ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. ഛോട്ടെ ലാല്‍ ദിവാകര്‍, അദ്ദേഹത്തിന്റെ മകന്‍ സുനില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

ബെഹ്‌ജോയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫത്തേപുര്‍ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാവിലെ സംഭവമുണ്ടായത്. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും എസ്പി യമുന പ്രസാദ് പറഞ്ഞു. നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. പ്രതികളെ പിടികൂടാന്‍ മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചു. 

കൊല്ലപ്പെട്ട ദിവാകറും മകനും പ്രതികളുമായി തര്‍ക്കമുണ്ടായി. ഗ്രാമത്തിന് കുറുകെയുള്ള ഇടുങ്ങിയ റോഡിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നന്നാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തോക്കുമായെത്തിയ പ്രതികള്‍ വെടിവെക്കുകയായിരുന്നു.ഛോട്ടേലാലിന്റ ഭാര്യ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഛോട്ടേലാല്‍ ദിവാകര്‍ മത്സരിച്ചിരുന്നു. ഗ്രാമത്തില്‍ പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇവരുടെ വാക്കേറ്റവും വെടിവെപ്പുമെല്ലാം ദൃക്‌സാക്ഷികളായവര്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു.