ബറേലി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനേയും മകനേയും വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജിതേന്ദര്‍ ശര്‍മ്മ, ഇയാളുടെ മകന്‍ ശര്‍മേന്ദ്ര ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ സംഭാലില്‍ കഴിഞ്ഞ ദിവസമായിരുന്നു സമാജ്വാദി പാര്‍ട്ടി നേതാവായിരുന്ന ഛോട്ടേലാല്‍ ദിവാകറും മകന്‍ സുനില്‍ ദിവാകറും വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതികളായ ജിതേന്ദര്‍ ശര്‍മ്മ എന്നയാളും മകന്‍ ശര്‍മേന്ദ്ര ശര്‍മ്മയും ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭാലിലെ ഭജോയിയില്‍ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചിരുന്ന പ്രതികളെ രാവിലെയാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി സംഭാല്‍ എഎസ്പി യമുന പ്രസാദ് അറിയിച്ചു.

സംഭവ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തങ്ങളുടെ ഭൂമിക്ക് മുന്നിലൂടെ പോകുന്ന റോഡിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോടെലാല്‍ ദിവാകര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതികള്‍ ദിവാകറിന്റേയും മകന്റേയും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. നേരത്തേ യുപിയിലേത് കൊലയാളി സര്‍ക്കാരാണെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചണ്ഡൗസി മണ്ഡലത്തിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട ഛോട്ടേലാല്‍ ദിവാകര്‍.