ബാര്‍സിലോണ: പതിനാല് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച അഞ്ച് യുവാക്കളെ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കി. സ്പെയിനിലാണ് സംഭവം. ബാര്‍സിലോണയിലെ കോടതിയാണ് അഞ്ച് യുവാക്കളെ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിചിത്രവാദം ഉയര്‍ത്തിയത്. പീഡനം നടക്കുന്ന സമയത്ത് പെണ്‍കുട്ടി മദ്യപിച്ചും ലഹരിയുപയോഗിച്ചും അബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ യുവാക്കള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് നിരീക്ഷിച്ച കോടതി ലൈംഗികമായി പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് 12 വര്‍ഷം തടവും 12000 യൂറോ പിഴയുമാണ് ചുമത്തിയത്. 

എന്നാല്‍ യുവാക്കള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ഒഴിവാക്കിയതില്‍ സ്പെയിനില്‍ പ്രതിഷേധം ശക്തമാണ്. ബാര്‍സിലോണയിലെ മന്‍രേസയില്‍ 2016 ലാണ് പതിനാലുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ബാര്‍സിലോണയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറിക്കുള്ളില്‍ വച്ചായിരുന്നു യുവാക്കളുടെ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെന്നായ് സംഘം എന്ന വിളിപ്പേരുള്ള യുവാക്കളുടെ സംഘമായിരുന്നു പീഡനത്തിന് പിന്നില്‍.

അന്വേഷണ സമയത്ത് യുവാക്കളെ ബലാത്സംഗക്കുറ്റം ഒഴിവാക്കിയത് മുതല്‍ കേസ് ഏറെ ശ്രദ്ധേയമായിരുന്നു. വനിതാ സംഘടനകള്‍ ഏറെ പ്രതിഷേധം കേസില്‍ ഉയര്‍ത്തിയിരുന്നു. നടന്നത് ലൈംഗിക ദുരുപയോഗം അല്ലെന്നും ബലാത്സംഗമാണെന്നും ചൂണ്ടിക്കാണിച്ച് ബാര്‍സിലോണയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് കോടതിവിധിയെത്തുന്നത്. വിധിയെ അപലപിക്കുന്നുവെന്ന് ബാര്‍സിലോണ മേയര്‍ അഡ കോളോ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

താന്‍ ഒരു ജഡ്ജിയല്ല, അവര്‍ എത്ര നാളുകള്‍ ജയിലില്‍ കഴിയുമെന്നും തനിക്ക് അറിയില്ല എന്നാല്‍ നടന്നത് ദുരുപയോഗമല്ല ബലാത്സംഗമാണെന്ന് മാത്രം അറിയാമെന്നാണ് ബാര്‍സിലോണ മേയര്‍ വിധിയേക്കുറിച്ച് ട്വിറ്ററില്‍ വ്യക്തമാക്കിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമെത്തുന്ന കോടതി വിധിയില്‍ സ്പെയിനില്‍ പ്രതിഷേധം ശക്തമാവുകയാണ്.