ആത്മീയ നേതാവായ മഹാനനദ് നരേന്ദ്ര ഗിരിയുടെ ശിഷ്യനായി സ്വയം പ്രഖ്യാപിച്ച ആനന്ദ് ഗിരി സമൂഹമാധ്യമങ്ങളിലും സജീവമാണ്.  

ദില്ലി: പ്രാര്‍ത്ഥനയ്ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസില്‍ സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് ആനന്ദ് ഗിരി ഓസ്ട്രേലിയയില്‍ അറസ്റ്റിലായി. ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. രണ്ട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് സിഡ്നി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ രണ്ട് സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നതാണ് 38-കാരനായ ഗിരിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. 2016-ലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. പ്രാര്‍ത്ഥന നടത്താനായി സ്ത്രീയുടെ വീട്ടില്‍ എത്തിയ ഇയാള്‍ 29-കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. ഇതിന് ശേഷം 2018 നവംബറില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ മറ്റൊരു വീട്ടില്‍ വച്ച് ഇയാള്‍ 34-കാരിയോടും മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നും പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൗണ്ട് ഡ്രൂയിറ്റ് പൊലീസ് ഏരിയ കമാന്റിന് പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഓക്സലെ പാർക്കിൽ നിന്നും ഇയാളെ ഞായറാഴ്ച വെളുപ്പിനെ പന്ത്രണ്ടരയോടെ അറസ്റ്റ് ചെയ്തതു.

ഇയാൾക്ക് ജാമ്യം അനുവദിച്ചു നൽകണമെന്നും ഓക്സലെ പാർക്കിലുള്ള ക്ഷേത്രത്തിൽ തങ്ങാൻ അനുവദിക്കണമെന്നും ഗിരിയുടെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചുവെങ്കിലും കോടതി ഈ അഭ്യർത്ഥന നിരസിക്കുകയായിരുന്നു . മാത്രമല്ല ഇയാൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. ജൂൺ 26നു മൗണ്ട് ഡ്രൂയിറ്റ് ലോക്കൽ കോടതിയിൽ വീണ്ടും ഹാജരാകുന്നത് വരെ ഗിരിയെ കോടതി റിമാൻഡ് ചെയ്തു.

ആത്മീയ നേതാവായ മഹാനനദ് നരേന്ദ്ര ഗിരിയുടെ ശിഷ്യനായി സ്വയം പ്രഖ്യാപിച്ച ആനന്ദ് ഗിരി സമൂഹമാധ്യമങ്ങളിലും സജീവമാണ്. തനിക്ക് 12-ാം വയസ്സില്‍ ആത്മീയഞ്ജാനം ലഭിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ പേജിലൂടെ ഗിരി പറയുന്നത്. ആത്മീയ പ്രഭാഷണങ്ങള്‍ക്കായി രണ്ടുമാസത്തോളമായി സിഡ്നിയില്‍ താമസിക്കുകയായിരുന്നു ആനന്ദ് ഗിരി.