Asianet News MalayalamAsianet News Malayalam

നഗരത്തെ വിറപ്പിച്ച 'അത്താണി ബോയ്സ്'; 'ചോരകണ്ട് അറപ്പുമാറിയ' 12 പേര്‍, ഗുണ്ടാസംഘങ്ങളുടെ പകയുടെ കഥ

'അത്താണി ബോയ്സ്' എന്ന ഗുണ്ടാസംഘത്തിലെ മുന്‍ അംഗമായിരുന്ന ബിനോയിയുടെ കൊലപാതകത്തോടെ പുറത്തുവരുന്നത് എറണാകുളത്തെ വിറപ്പിച്ച ഗുണ്ടാസംഘങ്ങളുടെ പകയുടെ കഥ കൂടിയാണ്. 

story of Athani Boys and the gang war between criminals
Author
Nedumbassery, First Published Nov 19, 2019, 9:10 PM IST

നെടുമ്പാശ്ശേരി: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേട്ടാണ് കഴിഞ്ഞ ദിവസം കേരളം ഉണര്‍ന്നത്. കൊല്ലപ്പെട്ടത് കാപ്പ കേസുകളിലടക്കം ശിക്ഷ അനുഭവിച്ച ബിനോയ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ബിനോയിയുടെ കൊലപാതകത്തോടെ ചുരുളഴിയുന്നത് നെടുമ്പാശ്ശേരിയെ മുഴുവന്‍ വിറപ്പിച്ച ഗുണ്ടാസംഘങ്ങളുടെ ചോരക്കറ പുരണ്ട പകയുടെ കഥകള്‍ കൂടിയാണ്.

'അത്താണി ബോയ്സ്' എന്ന ഗുണ്ടാസംഘത്തിന്‍റെ മുന്‍ തലവനായിരുന്നു കൊല്ലപ്പെട്ട തുരുത്തിശ്ശേരി സ്വദേശി 34 -കാരനായ ബിനോയ്.  കൊലപാതകശ്രമം, ലഹരിമരുന്ന് കടത്ത്, നിരവധി അതിക്രമങ്ങള്‍ എന്നിങ്ങനെ പ്രദേശവാസികളുടെ സ്ഥിരം തലവേദനയായിരുന്നു 12 പേരടങ്ങുന്ന 'അത്താണി ബോയ്സ്'. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗില്ലപ്പി എന്നറിയപ്പെടുന്ന ബിനോയ് 'അത്താണി ബോയ്സ്' എന്ന ഗുണ്ടാസംഘത്തിന് രൂപം കൊടുത്തത്. പെറ്റി കേസുകളില്‍ നിന്നാണ് സംഘത്തിന്‍റെ തുടക്കം. അനധികൃത മണല്‍ക്കടത്ത് സംഘങ്ങളുടെ വാഹനങ്ങള്‍ക്ക് അകമ്പടി നല്‍കിയും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കിയും സംഘം ക്രിമിനല്‍ ലോകത്തേക്ക് ചുവടുവെച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് നഗരത്തെ നടുക്കുന്ന ക്രിമിനലുകളായി അവര്‍ മാറുകയായിരുന്നു. 

പണം പിടിച്ചുപറിച്ചും ലഹരിമരുന്ന് കടത്തിയും എതിര്‍ത്തവരെ ആക്രമിച്ചും 'അത്താണി ബോയ്സ്' നാട്ടുകാരുടെയും പൊലീസിന്‍റെയും സമാധാനത്തിന് വെല്ലുവിളിയായി. കൊള്ളയടിച്ച പണം പങ്കുവെക്കുന്നതിലുണ്ടായ തര്‍ക്കം അത്താണി ബോയ്സിലെ അംഗങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാക്കി. അതോടെ സംഘത്തിലെ മറ്റുള്ളവരുമായി തെറ്റിപ്പിരിഞ്ഞ് ബിനോയ് പുതിയൊരു ഗുണ്ടാ സംഘത്തിന് രൂപം കൊടുത്തു. രണ്ട് ഗ്യാങ്ങുകളായി പിരിഞ്ഞതോടെ ഇവര്‍ തമ്മിലുള്ള വൈരാഗ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. തമ്മില്‍ തല്ലിയും അക്രമങ്ങള്‍ നടത്തിയും രണ്ടു സംഘങ്ങളും നാട്ടുകാരുടെ സ്വൈര്യജീവിതം ഇല്ലാതാക്കി. അത്താണി ബോയ്സും ബിനോയിയും തമ്മില്‍ കഴിഞ്ഞ ശനിയാഴ്ചയും തര്‍ക്കമുണ്ടായിരുന്നു. 

ബിനോയിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ വിനു വിക്രമന്‍റെ ബന്ധുവായ നെടുമ്പാശ്ശേരി സ്വദേശിയെ ബിനോയിയുടെ സംഘാഗങ്ങള്‍ ഭീഷണിപ്പെടുത്തിയതാണ് ഞായറാഴ്ച നടന്ന ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാപ്പ നിയമപ്രകാരം ജില്ലക്കകത്ത് പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടുന്നയാളാണ് അത്താണി ബോയ്സിന്‍റെ ഇപ്പോഴത്തെ തലവന്‍ കൂടിയായ വിനു. 18 കേസുകളാണ് നെടുമ്പാശ്ശേരി, ചെങ്ങമനാട്, നാദാപുരം, കാലടി,അങ്കമാലി, ഞാറയ്ക്കല്‍, വടക്കേക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലായി ബിനോയിയുടെ പേരിലുള്ളത്. കാപ്പ നിയമപ്രകാരം എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്നതില്‍ ബിനോയിക്കും വിലക്കുണ്ടായിരുന്നു. എറണാകുളത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് നഗരമധ്യത്തിലെ ഗുണ്ടാത്തലവന്‍റെ കൊലപാതകം.

Follow Us:
Download App:
  • android
  • ios