20 എൽഎസ്ഡി സ്റ്റാമ്പുകളുമായി കളമശ്ശേരി കുസാറ്റിലെ അവസാന വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ജഗത്റാം ജോയിയാണ് എക്സൈസിന്റെ പിടിയിലായത്.
കൊച്ചി: അതിമാരകമായ സിന്തറ്റിക് ഡ്രഗുമായി വിദ്യാർത്ഥി പിടിയിൽ. 20 എൽഎസ്ഡി (LSD) സ്റ്റാമ്പുകളുമായി കളമശ്ശേരി (Kalamassery) കുസാറ്റിലെ (KUSAT) അവസാന വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ജഗത്റാം ജോയിയാണ് എക്സൈസിന്റെ പിടിയിലായത്.
അതിമാരക ന്യൂജൻ മയക്കുമരുന്നായ പാരഡൈസ് 650 യാണ് തിരുവന്തപുരം വർക്കല സ്വദേശി ജഗത്റാമിൽ നിന്ന് പിടിച്ചെടുത്തത്. കുസാറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉപഭോഗം നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന. പിടിച്ചെടുത്ത സ്റ്റാമ്പുകളിൽ ഓരോന്നിലും 650 മൈക്രോഗ്രാം ലൈസർജിക് ആസിഡ് കണ്ടന്റ് ആണ് അടങ്ങിയിരിക്കുന്നത്. ഓരോന്നിനും ഏകദേശം 4000 രൂപ വരെ വിലവരും.
പ്രതി വിദ്യാർത്ഥികൾക്കിടയിൽ എൽഎസ്ഡി സ്റ്റാമ്പുകൾ വിൽപ്പനയും നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയിൽ നിന്നാണ് 75 സ്റ്റാമ്പുകൾ കൊറിയർ വഴി എത്തിച്ചത്. രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ടെലഗ്രാം വഴിയായിരുന്നു ഇവരുടെ വിവരകൈമാറ്റം
എൽഎസ്ഡി സ്റ്റാമ്പുകളുടെ പിന്നിലെ ഡോട്ടുകളാണവയുടെ വീര്യം സൂചിപ്പിക്കുന്നത്. പിടിച്ചെടുത്ത ത്രീ ഡോട്ടഡ് സ്റ്റാമ്പുകൾ നേരിട്ട് നാവിൽ വെച്ചാൽ 48 മണിക്കൂർ വരെ ലഹരിയുണ്ടാകാം. അളവൽപം കൂടിയാൽ മരണം വരെ സംഭവിക്കാം. ഇങ്ങനത്തെ 0.1 ഗ്രാം സ്റ്റാമ്പ് കൈവശം വച്ചാൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നിടത്ത് 0.368 ഗ്രാം സ്റ്റാമ്പാണ് ജഗത്റാമിൽ നിന്ന് പിടിച്ചെടുത്തത്. ഇത് വാങ്ങി ഉപയോഗിച്ച വിദ്യാർത്ഥികളെ കണ്ടെത്തി കൗൺസിലിങ് നൽകാനും വേണമെങ്കിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനുമാണ് എക്സൈസിന്റെ തീരുമാനം
