Asianet News MalayalamAsianet News Malayalam

ഉച്ചാരണ ശുദ്ധിയില്ലെന്ന് പറഞ്ഞ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍‍ദ്ദിച്ചെന്ന് പരാതി; അധ്യാപികയെ സസ്പെന്‍റ് ചെയ്തു

അധ്യാപികയ്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും എഇഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കുട്ടിയെ കടുത്തുരുത്തി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചു.

student beaten by teacher at kottayam
Author
Kottayam, First Published Jan 23, 2020, 1:22 PM IST

കോട്ടയം: കോട്ടയം കുറുപ്പുന്തറയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. വിദ്യാര്‍ത്ഥിയുടെ ഇരുകാലുകളിലുമായി അടിയേറ്റ 21 പാടുകളുണ്ട്. സംഭവത്തില്‍ മണ്ണപ്പാറ സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ മലയാളം അധ്യാപിക മിനി ജോസിനെ സ്കൂളില്‍ നിന്നും സസ്പെന്‍റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം മലയാളം വായിപ്പിക്കാൻ കുട്ടിയെ അധ്യാപിക മിനി ജോസ് വിളിച്ച് വരുത്തി. വായിക്കുന്നതില്‍ ഉച്ചാരണ ശുദ്ധിയില്ലെന്ന് പറ‌ഞ്ഞ് ചൂരല്‍ വടി കൊണ്ട് കുട്ടിയുടെ രണ്ട് കാലിലും അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. വൈകിട്ട് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ വീട്ടുകാരാണ് അടിയേറ്റ പാടുകള്‍ ശ്രദ്ധിച്ചത്. ഇന്നലെ തന്നെ കുട്ടിയുമായി ബന്ധുക്കള്‍ സ്കൂളിലെത്തി വിവരം പറഞ്ഞു. സ്കൂള്‍ അധികൃതര്‍ ക്ഷമ ചോദിച്ചെങ്കിലും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.

അധ്യാപികയ്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്നാണ് മിനി ജോസഫിനെ സസ്പെന്‍റ് ചെയ്യാൻ സ്കൂള്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും എഇഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കുട്ടിയെ കടുത്തുരുത്തി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചു.

Follow Us:
Download App:
  • android
  • ios