ഗുവാഹത്തി: ഏകദേശം രണ്ടുവര്‍ഷം മുമ്പുനടന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ സുഹൃത്തിന് വധശിക്ഷ വിധിച്ച് കോടതി. അസ്സമിലെ ഗുവാത്തിയിലാണ് കാമുകന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ശ്വേത അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയാണ് 2017 ഡിസംബറില്‍ കൊല്ലപ്പെട്ടത്. 

കാമുകന്‍ ഗോവിന്ദ് സിംഘാളിന്‍റെ കുളിമുറിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഗോവിന്ദ് സിംഘാളിന്‍റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു. 

കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം 2017 ഡിസംബര്‍ നാലിന് സിംഘാളിന്‍റെ ഗുവാഹതിയിലെ വീട്ടില്‍ പെണ്‍കുട്ടിയെത്തി.  വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമായി. സിംഘാള്‍ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു. ഇതോടെ ഉറക്കെ കരഞ്ഞ പെണ്‍കുട്ടി അബോധാവസ്ഥയില്‍ താഴെ വീണു. ഇതിനുശേഷം സിംഘാളും അമ്മയും സഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ തീക്കൊളുത്തി. മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. 

ക്രിമിനല്‍ ഗൂഡാലോചന തെളിയിക്കപ്പെട്ടതോടെയാണ് മൂവരെയും കോടതി കുറ്റക്കാരെന്ന് വിധിച്ചത്. ശ്വേത അഗര്‍വാള്‍ 2015ലെ 12ാം ക്ലാസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമതായിരുന്നു. കൊല്ലപ്പെടുമ്പോള്‍  ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ശ്വേത.