കൊല്ലം: അഞ്ചലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.  അഞ്ചൽ നെട്ടയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. കുറച്ചുമാസങ്ങള്‍ക്ക് മുന്പ് സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ ബന്ധുവായ ഒരാള്‍ തന്നെ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂൾ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. എന്നാൽ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയപ്പോള്‍ മൊഴി നല്‍കാൻ കുട്ടി തയാറായില്ല. ഈ സംഭവത്തിനുശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.