പുനലൂര്‍: കൊല്ലം പുനലൂര്‍ ഇളമ്പൽ സ്കൂളില്‍ അതിക്രമം നടത്തിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികള്‍. സ്കൂള്‍ മൈതാനത്ത് കളിക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. പൊലീസ് പിടികൂടിയ കുട്ടികളെ ജുവനൈല്‍ കോടതി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു .

ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഇളമ്പല്‍ സ്കൂളിലെ ക്ലാസ് മുറികളും ബഞ്ചും ഡസ്കും എല്ലാം തകര്‍ത്ത നിലയില്‍ കണ്ടത് . കുടിവെള്ള ടാപ്പുകളും അടിച്ചുപൊട്ടിച്ചിരുന്നു. കിണറില്‍ രാസമാലിന്യം കലര്‍ത്തിയതും കണ്ടെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് റൂറൽ എസ് പി ഹരിശങ്കര്‍ നേരിട്ടാണ് അന്വേഷണം നടത്തിയത്. സിസിടിവി കാമറകള്‍ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടര്‍ന്നാണ് സ്കൂൾ മൈതാനത്ത് സ്ഥിരമായി കളിക്കാനെത്തുന്നവരിലേക്ക് അന്വേഷണം നീണ്ടത് . തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇളമ്പൽ സ്കൂളിലെ ഒരു വിദ്യാര്‍ഥി അടക്കം മൂന്നുപേരടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് അതിക്രമത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. സ്കൂള്‍ സമയം കഴിഞ്ഞാൽ കുടിവെള്ള പൈപ്പിലേക്കുള്ള കണക്ഷൻ അധ്യാപകര്‍ വിഛേദിക്കും . ഇതോടെ മൈതാനത്ത് കളിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാകും.

ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ച ഒരു കാരണം. പിടിയിലായ ഒരു കുട്ടിയുടെ സഹോദരനെ ഈ സ്കൂളില്‍ നിന്ന് മുമ്പ് പുറത്താക്കിയിരുന്നു. ഇതും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. പിടിയിലായ മൂവരേയും താക്കീത് നല്‍കിയശേഷം ജുവനൈല്‍ കോടതി വിട്ടയച്ചു